- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ സമിതിയിൽ ഇൻഫോസിസ് മുൻ സിഇഒ നന്ദൻ നിലേകനി അടക്കമുള്ള വിദഗ്ധരും; സെബി അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സമിതിയിൽ ഇൻഫോസിസ് മുൻ സി ഇ ഒ നന്ദൻ നിലേകനിയെ കൂടി സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.
ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്താനായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി തള്ളിയിരുന്നു.
അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹിൻഡൻബർഗ് വിഷയത്തിൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും കോടതിയിൽ എത്തിയിരുന്നു. അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഒരു മാസത്തിനിടെ അദാനി ഓഹരികൾക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടമാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
84 ശതമാനം വരെ അദാനി ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ നിന്നാണ് അദാനി ഓഹരികളുടെ കൂപ്പുകുത്തൽ. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24ന് 19 ലക്ഷം കോടിയായിരുന്നു അദാനി ഓഹരികളുടെ വിപണിമൂല്യം. മുകേഷ് അംബാനിയുടെ റിലയൻസിനേയും രത്തൻ ടാറ്റയുടെ ടി.സി.എസിനേയും മറികടന്ന് കുതിക്കുകയായിരുന്നു ഗൗതം അദാനിയും കമ്പനികളും.
എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വലിയ തകർച്ചയെ അഭിമുഖീകരിച്ചു. ഒരു മാസത്തിനുള്ളിൽ അദാനി ഓഹരികളുടെ വിപണിമൂല്യം 19 ലക്ഷം? കോടിയിൽ നിന്നും 7.32 ലക്ഷമായി ഇടിഞ്ഞു. ഏകദേശം 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനിക്കുണ്ടായത്. ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് 29ാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. ഓഹരികളിൽ അദാനി എനർജിക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. വിപണിമൂല്യത്തിൽ 84 ശതമാനം ഇടിവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 83 ശതമാനവും ഇടിഞ്ഞു. അദാനി എൻർപ്രൈസിനും കനത്ത നഷ്ടമുണ്ടായി.
മറുനാടന് ഡെസ്ക്