ന്യൂഡൽഹി: പ്രത്യേക വിവാഹനിയമത്തിലെ ചില വ്യവസ്ഥകൾ പുരുഷമേധാവിത്വ സമൂഹത്തിന്റെ സൃഷ്ടിയെന്ന വാദം ശരിവെച്ചു സുപ്രീംകോടതി. 1954ലെ പ്രത്യേക വിവാഹനിയമപ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ 30 ദിവസത്തിനുമുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്നതുപോലെയുള്ള വ്യവസ്ഥകൾ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം അഞ്ചംഗഭരണഘടനാ ബെഞ്ച് അംഗീകരിച്ചു.

വിവാഹത്തിന് മുൻകൂറായി നോട്ടീസ് പുറപ്പെടുവിക്കുന്നതും അത് രജിസ്ട്രാറുടെ ഓഫീസിലും മറ്റും പരസ്യപ്പെടുത്തുന്നതും സാമ്പ്രദായിക രീതികളിൽനിന്നും മാറി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടിയാണെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദം ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ ശരിവച്ചു.

സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് മുമ്പാകെ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്സിങ്വിയാണ് ഈ വാദം ഉന്നയിച്ചത്. സ്ത്രീകൾക്ക് ശബ്ദമില്ലാതിരുന്ന കാലഘട്ടത്തിന്റെ അവശിഷ്ടമാണ് ഇത്തരം വ്യവസ്ഥകളെന്ന് ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് രവീന്ദ്രഭട്ട് നിരീക്ഷിച്ചു.

പ്രത്യേക വിവാഹനിയമപ്രകാരം വിവാഹിതരാകാൻ പോകുന്നവരെ സംരക്ഷിക്കാനെന്നപേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം വ്യവസ്ഥകൾ അവരെ സമൂഹത്തിന്റെ കടന്നാക്രമണങ്ങൾക്ക് ഇരകളാക്കുകയാണ് ചെയ്യുന്നതെന്ന് ചീഫ്ജസ്റ്റിസും അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ വാദവും വിശദമായി കേൾക്കുമെന്ന് ഭരണഘടനാ ബെഞ്ച് അറിയിച്ചു. 24 മുതൽ തുടർച്ചയായി വാദംകേട്ട് കേസ് വിധിപറയാൻ മാറ്റും. ഈ വിഷയത്തിൽ അയോധ്യാ കേസിലേതുപോലെ എല്ലാ ദിവസവും വാദംകേൾക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് വിശദീകരിച്ചു.