- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർമാർ തീ കൊണ്ട് കളിക്കരുത്; ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല; ഇങ്ങനെയായാൽ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും? വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഗവർണർമാർ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബിൽ പാസാക്കാത്തത് തീയിൽ കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഗവർണർക്കെതിരായ പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ഗവർണർമാർ ഇത്തരത്തിൽ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചർച്ചകളിലൂടെ പാസ്സാക്കുന്ന ബിൽ, സ്റ്റേറ്റിന്റെ തലവൻ എന്ന നിലയിൽ ഗവർണർ പിടിച്ചുവെക്കരുത്.
സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവർണർമാർക്കെങ്ങനെ വിധി പറയാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. പഞ്ചാബ് സർക്കാരിനെയും കോടതി വിമർശിച്ചു. സഭാസമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സർക്കാരിനെയും ഗവർണറെയും വിമർശിച്ചത്.
ഗവർണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്‌നാടിന്റെ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബില്ലുകളിൽ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല.
അതേസമയം കേരള സർക്കാറിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ചാണ് ഗവർണർ രംഗത്തുവന്നത്. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികൾ ഉണ്ട്. എന്നാൽ പെൻഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവർണർ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായും ഗവർണർ പറഞ്ഞു.
താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് തരൂ എന്നും ഗവർണർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ സംസ്ഥാനത്തെ ഇകഴ്‌ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഇത്തരം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസവും സർക്കാരിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. പണം അനാവശ്യമായി പാഴാക്കുകയാണെന്നും, വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വിമ്മിങ് പൂൾ നിർമ്മിക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
മറുനാടന് ഡെസ്ക്