- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണം'; കൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തിനെതിരെ സുപ്രീം കോടതി; സദാചാരപ്രസംഗം നടത്തുന്നതല്ല ജഡ്ജിമാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന വിവാദ പരാമർശം നടത്തിയ കൽക്കത്ത ഹൈക്കോടതിയെയാണ് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. വ്യക്തിപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും സദാചാരപ്രസംഗം നടത്തുന്നതുമല്ല ജഡ്ജിമാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൽക്കത്ത ഹൈക്കോടതിയുടെ പരാമർശങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
'കൽക്കത്ത ഹൈക്കോടതിയുടെ വിധിയിലെ നിരവധി പരാമർശങ്ങൾ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണ്. പ്രഥമദൃഷ്ട്യാ തന്നെ അത് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. വ്യക്തിപരമായ വീക്ഷണങ്ങളുടെ പ്രകടനമോ സദാചാര പ്രസംഗമോ അല്ല ജഡ്ജിമാരിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', സുപ്രീം കോടതി പറഞ്ഞു.
കേസിൽ പശ്ചിമ ബംഗാൾ സർക്കാരിനും ബന്ധപ്പെട്ട മറ്റ് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാനായി അഡ്വ. മാധവി ദിവാനെ അമിക്കസ് ക്യൂരിയായി നിയമിച്ചു. അഡ്വ. ലിസ് മാത്യുവിനെ അമിക്കസ് ക്യൂരിയെ സഹായിക്കാനും കോടതി ചുമതലപ്പെടുത്തി. കൽക്കത്ത ഹൈക്കോടതിയുടെ വിധിയിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ തീരുമാനം
ഒക്ടോബറിലാണ് കൽക്കത്ത ഹൈക്കോടതി വിവാദമായ വിധി പ്രസ്താവിച്ചത്. രണ്ട് മിനിറ്റ് നേരത്തെ സുഖത്തിനായി വഴങ്ങിക്കൊടുക്കുമ്പോൾ പെൺകുട്ടികളെയാണ് സമൂഹം മോശക്കാരായി കാണുകയെന്നും അതിനാൽ കൗമാരക്കാരായ എല്ലാ പെൺകുട്ടികളും തങ്ങളുടെ ലൈംഗിക ചോദന നിയന്ത്രിക്കണമെന്നുമാണ് ജസ്റ്റിസുമാരായ ചിത്ത രഞ്ജൻ ദാസ്, പാർത്ഥസാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിധി പ്രസ്താവത്തിൽ പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായുള്ള പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ആൺകുട്ടി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. സെഷൻസ് കോടതി വിധി റദ്ദാക്കിയ കൽക്കത്ത ഹൈക്കോടതി, പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് സ്‌കൂളുകളിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്