- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്യലിനോടു സഹകരിക്കാത്തത് അറസ്റ്റിനുള്ള കാരണമല്ല; സമൻസ് ലഭിക്കുന്നയാൾ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജൻസിക്ക് പറയാനുമാകില്ല: ഇഡിയെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഇഡിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സമൻസിനോടു സഹകരിച്ചില്ല എന്നതുകൊണ്ടു മാത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമൻസ് ലഭിക്കുന്നയാൾ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജൻസിക്കു പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും സഞ്ജയ് കുമാറും അഭിപ്രായപ്പെട്ടു.
സമൻസിനോടോ ചോദ്യം ചെയ്യലിനോടോ സഹകരിച്ചില്ല എന്നതുകൊണ്ട് പണം തട്ടിപ്പു തടയൽ നിയമത്തിലെ പത്തൊൻപതാം വകുപ്പു പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുന്നയാളെയേ പിഎംഎൽഎ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാവൂ എന്ന് കോടതി വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസിൽ പങ്കജ് ബൻസലിനെയും ബസന്ത് ബൻസലിനെയും അറസ്റ്റ് ചെയ്തത് അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. ചോദ്യം ചെയ്യലിൽനിന്ന് ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ്, അറസ്റ്റിനു കാരണമായി ഇഡി ചൂണ്ടിക്കാട്ടിയത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ കുറ്റസമ്മതം നടത്തണമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവുമെന്ന് കോടതി ആരാഞ്ഞു.
ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നത് അറസ്്റ്റിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. കുറ്റസമ്മതം നടത്തുന്നില്ല എന്നതിനർഥം ഒഴിഞ്ഞമാറൽ അല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റിനുകാരണമായ വസ്തുത അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് ഇഡി എഴുതി നൽകണമെന്ന് കോടതി നിർദേശിച്ചു.
മറുനാടന് ഡെസ്ക്