- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ മരിച്ചാൽ മകന് ആശ്രിത നിയമനത്തിന് അർഹതയുണ്ടോ? ചോദ്യങ്ങൾ ഉയർത്തി സുപ്രീംകോടതി; കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തിന് എതിരായ ഹർജിയിൽ സർക്കാറിന് നോട്ടീസ്; തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടത്തും
ന്യൂഡൽഹി: കേളത്തിൽ ഏറെ വിവാദമായ നിയമനമായിരുന്നു കെ കെ രാമചന്ദ്രൻ നായർ എംഎൽഎയുടെ മകന് സർക്കാർ സർവീസിൽ ജോലി നൽകിയ വിഷയം. കേരള സർക്കാർ പ്രത്യേകം തസ്തിക സൃഷ്ടിച്ചു നടത്തിയ ഈ നിയമനം കോടതി കയറുകയാണ്. വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ സംസ്ഥാന സർക്കാറും ഇക്കാര്യത്തിൽ മറുപടി പറയേണ്ട അവസ്ഥയിലാണ്. ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജികളിലാണ് സർക്കാറിന് സുപ്രംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാൻ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടോയെന്ന കാര്യമാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ, തൽസ്ഥിതി തുടരാൻ നിർദേശിക്കുകയോ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
നിയമനം ചട്ടങ്ങൾ പ്രകാരം ആണെന്ന് കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി സുപ്രീം കോടതിയിൽ വാദിച്ചു. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. പ്രശാന്തിന് ആവശ്യമായ യോഗ്യതകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശാന്തിന്റെ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും പ്രശാന്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയും, അഭിഭാഷകൻ മുഹമ്മദ് സാദിഖും കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രശാന്തിന് ആശ്രിത നിയമനത്തിന് അർഹത ഉണ്ടോയെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ആശ്രിത നിയമനമല്ല നൽകിയതെന്ന് പ്രശാന്തിന്റെ അഭിഭാഷകർ മറുപടി നൽകി. എന്നാൽ പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ, ഇന്റർവ്യൂവിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്നകാര്യം പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രശാന്തിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയും വാദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയില്ലേ എന്ന് കോടതി ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ ഫയൽ ചെയ്തിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രശാന്തിന് നിയമനം നൽകിയതിനാൽ തന്റെ അവസരം നഷ്ടമായെന്ന് ആരോപിച്ച് ഇടുക്കി സ്വദേശി അകസ് ജി കമൽ എന്ന വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കമലിനുവേണ്ടി അഭിഭാഷകൻ കെ രാജീവാണ് ഹാജരായത്. നോട്ടീസിന് ഒക്ടോബർ പതിനെട്ടിനകം മറുപടി നൽകാൻ കേസിലെ എതിർ കക്ഷിയായ അശോക് കുമാറിനോട് സുപ്രീം കോടതി നിർദേശിച്ചു.
അന്തരിച്ച മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകുവാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാൽ നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരും, പ്രശാന്തും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.