ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗ കേസുകളിൽ കർശനമായി നടപടി വേണമെന്ന് സുപ്രീംകോടതി. പരാതികൾക്ക് വേണ്ടി കാത്ത് നിൽക്കാതെ സംസ്ഥാന സർക്കാരും പൊലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സുപ്രീം വ്യക്തമാക്കി.

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്നും എല്ലാ മതങ്ങളെയും ഒന്ന് പോലെ കാണേണ്ട രാജ്യത്ത് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്തുന്നതിന് വിദ്വേഷ പ്രാസംഗികർക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മതേതര രാജ്യമായ ഇന്ത്യയിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാവുന്നത്. മുസ്‌ലിം സമൂഹത്തെ തീവ്രവാദികളായി മുദ്രകുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി പരാമർശം. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്കാണ് വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ സ്വമേധയ നടപടി എടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്.

സമീപകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഉണ്ടായ ചില വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ഹർജിക്കാരനായ ഷഹീൻ അബ്ദുള്ള ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളിൽ സ്വീകരിച്ച നടപടി അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.

വിദ്വേഷ പ്രസംഗങ്ങളിലും ആക്രമണങ്ങളിലും വിശ്വസനീയമായ അന്വേഷണം നടത്താൻ കേന്ദ്രസർക്കാറിനോടും സംസ്ഥാനങ്ങളോടും നിർദേശിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. കേസിൽ ഹരജിക്കാരനായ ഷഹീൻ അബ്ദുല്ലക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്. ഹിന്ദുമഹാസഭ എംപി പ്രവേഷ് ശർമ്മയുടെ വിദ്വേഷ പ്രസ്താവനകൾ ഉൾപ്പടെ ഉയർത്തിക്കാട്ടിയായിരുന്നു കപിൽ സിബലിന്റെ വാദം.