തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റുകൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. നഴ്‌സിങ് ബിരുദം നേടിയവർക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. നിർബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സർക്കാർ തീരുമാനം ശരിവച്ചാണ് സുപ്രീംകോടതിയുടെ വിധി. നിർബന്ധിത പരിശീലനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

നാല് വർഷത്തെ നഴ്‌സിങ് ബിരുദ പഠനത്തിൽ ആറ് മാസം പരിശീലന കാലയളവാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. അധികമായ ഒരു വർഷത്തെ പരിശീലനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചു. നഴ്‌സിങ് ബിരുദധാരികൾക്ക് നേരിട്ട് ജോലിയിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

നാല് വർഷം നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർ അതത് ആശുപത്രികളിൽ ഒരുവർഷം നിർബന്ധിത പരിശീലനം കൂടി നടത്തണമെന്നായിരുന്ന നേരത്തെയുള്ള വ്യവസ്ഥ. നഴ്‌സിങ് കോളേജ് മാനേജ്‌മെന്റുകൾ ഏർപ്പെടുത്തിയ വ്യവസ്ഥ 2011ൽ സംസ്ഥാന ആരോഗ്യ വകുപ്പ് തിരുത്തി. നാല് വർഷത്തെ ബിരുദത്തിനൊപ്പം ഒരു വർഷത്തെ പരിശീലന കാലയളവ് കൂടി പൂർത്തിയാകുമ്പോൾ ആകെ അഞ്ച് വർഷമാകും.

പഠനത്തിന് ശേഷം ഒരു വർഷത്തെ നിർബന്ധിത പരിശീലന വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല. ഇത് കേരളത്തിൽ പഠിച്ച വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വൈകാൻ കാരണമാകുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തുടർന്നാണ് നിർബന്ധിത പരിശീലന വ്യവസ്ഥ ആരോഗ്യ വകുപ്പ് ഒഴിവാക്കിയത്.

സംസ്ഥാന സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രൊവിഡന്റ് ഫണ്ട് ഉൾപ്പടെയുള്ള തൊഴിലാളി ആനുകൂല്യങ്ങൾ അടയ്‌ക്കേണ്ടി വരുന്നതുമാണ് പ്രതിസന്ധിയായി മാനേജ്‌മെന്റ് അസോസിയേഷൻ ഉയർത്തിയത്. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് നഴ്‌സിങ് ബിരുദധാരികൾക്ക് ആശ്വാസമാകുന്ന സുപ്രീംകോടതിയുടെ വിധി.