- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പുർ വിഷയത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; മലയാളി ആശാ മേനോൻ ഉൾപ്പെടെ മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി; സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് എസ്‌പിമാരോ ഡിവൈഎസ്‌പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു
ന്യൂഡൽഹി: കലാപം കത്തുന്ന മണിപ്പൂരിൽ പ്രശ്‌ന പരിഹാരത്തിനായി ഇടപെടലുമായി സുപ്രീംകോടതി. മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്. പ്രത്യേക സമിതിയുടെ ദൗത്യങ്ങളും ചുമതലകളും വ്യക്തമാക്കി വിശദമായ ഉത്തരവ് പുറപ്പെടുവിക്കും.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 എസ്‌പിമാരോ ഡിവൈഎസ്‌പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്‌സാൽഗികർക്കായിരിക്കും ചുമതല. സ്‌പെഷൻ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്‌ഐടി) മണിപ്പുരിന് പുറത്തുനിന്നുള്ള എസ്‌പി റാങ്കിൽ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ഇവർ തമ്മിൽ പരസ്പരം നല്ല ബന്ധം പുലർത്തുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയുമാണ്. തങ്ങളെ തൊടാൻ കഴിയില്ലെന്നാണ് അവർ കരുതുന്നത്. ഈ 20 പേരെ പിടികൂടാൻ സാധിച്ചാൽ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോൺസാൽവസ് പറഞ്ഞു.
മണിപ്പുരിലെ എൻ.ബിരേൻ സിങ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തിൽ കേസെടുക്കാൻ രണ്ട് മാസം വൈകിയത് എന്താണ് കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകർന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കഴിഞ്ഞ ദിവസവും മണിപ്പൂരിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ചെക്ക്‌ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടു. ക്വക്തയിൽ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി.
നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സർക്കാരിനെ ബഹിഷ്‌ക്കരിക്കാൻ മെയ് തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ കേസ പരിമഗണിക്കവേ മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും എന്നും കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിനിരയായവർ നല്കിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാർശം.
സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്രം നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഒട്ടും ബാക്കിയില്ലെന്ന് കോടതി പരാമർശിച്ചു. മണിപ്പൂർ പൊലീസ് എങ്ങനെ കേസുകൾ അന്വേഷിക്കും. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ആകെ അറസ്റ്റ് 7 എന്ന് സംസ്ഥാനം സമ്മതിച്ചു .ഒരു വിഭാഗം കൂടുതൽ ശബ്ദം ഉയർത്തുന്നു. എല്ലാ സത്യവും ഇപ്പോൾ പറയാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
6500 എഫ്‌ഐആറുകളിൽ ഗുരുതര കേസുകൾ തരം തിരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇവയുടെ അന്വേഷണത്തിന് സംവിധാനം വേണം . പൊലീസിനെ കൊണ്ട് ഇതിന് കഴിയില്ല. ബലാൽസംഗക്കേസിൽ പൊലീസ് നിഷ്‌ക്രിയമായിരുന്നു. സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം .മണിപ്പൂർ ഡിജിപിയോട് നേരിട്ട് ഹാജരാകാൻ സുുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
മറുനാടന് ഡെസ്ക്