ന്യൂഡൽഹി: രാജ്യത്തെ അഴിമതി തടയാൻ ശക്തമായ ലോക്പാൽ സംവിധാനം വേണമെന്ന് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചവർ പോലും മറന്നു പോയ അവസ്ഥയിലാണ്. ഇതിനിടെ സുപ്രീംകോടതിയിൽ നിന്നും നിർണായകമായ ഒരു വിധിപ്രഖ്യാപനം ഉണ്ടായി. കൈക്കൂലി കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു.

അഴിമതി തടയൽ നിയമത്തിന്റെ പരിധിയിൽ ശിക്ഷിക്കാൻ നേരിട്ടുള്ള തെളിവു വേണമെന്ന വ്യവസ്ഥ സാഹചര്യത്തെളിവുകൾ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ എന്ന നിരീക്ഷണത്തോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. നേരിട്ടുള്ള തെളിവില്ലാതിരിക്കുകയോ പരാതിക്കാരൻ മരിച്ചു പോവുകയോ മറ്റു കാരണങ്ങൾ മൂലം തെളിവു നൽകാതിരിക്കുകയോ ചെയ്താലും കുറ്റവിമുക്തനാക്കരുത്. പകരം, മറ്റു രേഖകളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരണമെന്നും കോടതി വ്യക്തമാക്കി.

നിലവിൽ കൈക്കൂലിക്കാർ രക്ഷപെടുന്ന വഴിയടച്ചു കൊണ്ടാണ് സുപ്രീംകോടതി സുപ്രധാന വിധിപ്രഖ്യാപനം നടത്തിയിരിക്കുന്നത്. സാഹചര്യത്തെളിവുകൾ ശക്തമെങ്കിൽ പ്രതി ശിക്ഷിക്കപ്പെടാൻ വിധി വഴിയൊരുക്കുന്നതാണ് ഈ നീക്കം. അടിസ്ഥാന വസ്തുതകൾ കോടതിക്കു ബോധ്യപ്പെടണം. അനധികൃതമായി പണം പറ്റിയെന്നു മനസ്സിലാക്കാൻ സാഹചര്യത്തെളിവുകൾ വച്ചുള്ള അനുമാനം മതിയെന്നാണ് സുപ്രീംകോടതി വിധിയിൽ പയുന്നത്.

കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവിന്റെ അഭാവം, നേരിട്ടുള്ളതോ പ്രാഥമികമോ ആയ തെളിവില്ലാത്ത സാഹചര്യം തുടങ്ങിയ ഘട്ടത്തിൽ പ്രോസിക്യൂഷൻ നൽകുന്ന മറ്റു തെളിവുകൾ അടിസ്ഥാനമാക്കി കുറ്റം ചാർത്താം ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഡൽഹി വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിനെതിരായ അപ്പീൽ ഹർജിയിൽ ഉയർന്ന നിയമപ്രശ്‌നങ്ങളാണ് 2019 ൽ മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിനു വിട്ടത്.

കൈക്കൂലിക്കേസിൽ പൊതുസേവകരെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്ന സുപ്രീം കോടതി വിധി, പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ട പ്രതികളുടെ കാര്യത്തിൽ നിയമപോരാട്ടങ്ങൾക്കു വഴിവച്ചേക്കുമെന്നാണ് സൂചനകൾ. ഡൽഹി സർക്കാരിലെ വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിനെതിരായ അപ്പീൽ ഹർജിയിൽ ഉയർന്ന നിയമപ്രശ്‌നങ്ങൾ ഭരണഘടനാ ബെഞ്ചിലേക്ക് എത്തിയതും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടാണ്.

പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ കിട്ടുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അഴിമതി തടയൽ നിയമത്തിലെ (1988) ഏഴാം വകുപ്പ്, 13(1)(ഡി) വകുപ്പുകൾ പ്രകാരം കൈക്കൂലി ചോദിച്ചതിനോ വാങ്ങിയതിനോ തെളിവുണ്ടെങ്കിലേ ശിക്ഷിക്കാനാകൂ. ഇത്തരം കേസുകളിൽ സാഹചര്യത്തെളിവുകൾക്കും തുല്യപരിഗണന നൽകുന്നതാണ് കോടതിയുടെ നിയമവ്യാഖ്യാനം.

പി.സത്യനാരായണ മൂർത്തിയും ആന്ധ്രപ്രദേശിലെ ജില്ലാ പൊലീസ് ഇൻസ്‌പെക്ടറും തമ്മിലുള്ള 2015 കേസിലെ സുപ്രീം കോടതിയുടെ തന്നെ വിധിയാണു നിർണായകമായത്. പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്യുന്ന ഘട്ടത്തിലും പരിശോധിക്കാൻ കഴിയാത്ത സാഹചര്യത്തിലും പ്രത്യക്ഷ തെളിവുകളുടെ അഭാവം ഉണ്ടാകാമെന്നും നേരിട്ടുള്ള തെളിവില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിട്ടയയ്ക്കാമെന്നുമായിരുന്നു വിധി. സുപ്രീം കോടതി നേരത്തെ നൽകിയ വിധികൾക്ക് കടകവിരുദ്ധമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയതോടെയാണ് 2019 ഫെബ്രുവരിയിൽ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.

അതേസമയം, 2015 ലെ വിധിയുടെ അടിസ്ഥാനത്തിൽ പല പ്രതികളെയും വിട്ടയച്ച സാഹചര്യം ഉണ്ടായിട്ടുണ്ടെന്നു ഭരണഘടനാ ബെഞ്ചിനു മുന്നിൽ കേന്ദ്രസർക്കാർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ആശയക്കുഴപ്പം പരിഹരിക്കാനുള്ള അവസരമാണിതെന്നും കേന്ദ്രം നിലപാടെടുത്തു. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കൈക്കൂലി കേസിൽ ശിക്ഷ ഉറപ്പാക്കാൻ പരാതിക്കാരുടെയും പ്രോസിക്യൂഷന്റെയും ആത്മാർഥശ്രമം വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു.