- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി; സംഭാവനകളെക്കുറിച്ച് ജനങ്ങൾക്ക് അറിയണം; കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇതെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്; നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മാറ്റത്തിന് തിരിച്ചടി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുകൾ കൊണ്ടുവന്ന കേന്ദ്രസർക്കാറിന് തിരിച്ചടി. മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് എതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ബോണ്ടുകൾ റദ്ദാക്കണമെന്നും കോടതി വിധിച്ചു.
ഇലക്ട്രൽ ബോണ്ട് ആർട്ടികൾ 19(1)(a) എതിരെയുള്ളതാണെന്നും രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കമ്പനി നിയമത്തിൽ മാറ്റം വരുത്തിയതെല്ലാം ഭരണഘടനാവിരുദ്ധമായ നടപടി ആണെന്നും സുപ്രിംകോടതി വ്യക്തമാക്കി. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറൽ ബോണ്ടെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെബി പർദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂർ എന്നിവരാണ് കേസിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നും വിവിധ ഹരജികൾ ചൂണ്ടിക്കാട്ടി. 2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
നേരത്തെ ഇലക്ട്രൽ ബോണ്ടുകളുടെ പ്രഖ്യാപനത്തോടെ തന്നെ ബോണ്ടുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹർജികൾ സുപ്രീംകോടതിയിൽ എത്തിയങ്കിലും, ഹർജികൾ സുപ്രീംകോടതി പരിശോധിക്കുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. നേരത്തെ ഇലക്ട്രൽ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ രണ്ട് തവണ തള്ളി പോയിരുന്നു.
തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കവേ ഇലക്ട്രൽ ബോണ്ട് വിധി രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാണ്. കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നൽകാവുന്ന സംഭാവനയായ ഇലക്ടറൽ ബോണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബിജെപിക്കായിരുന്നു. 2022-23ൽ 1300 കോടി രൂപയാണ് ബിജെപി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തിൽ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു.
അതേവർഷം വർഷത്തിൽ 1917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽനിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 2022-23 ൽ ബോണ്ടുകളിൽ സംഭാവന ലഭിച്ചില്ല.
തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാൾ പത്തിരട്ടി തുക കിട്ടി. 2021-22ൽ 135 കോടി രൂപയാണ് ബിജെപിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബിജെപി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക സമാഹരണം ഊർജ്ജിതമാക്കിയിരിക്കയാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന് പ്രധാന മാർഗമായി സ്വീകരിച്ചത് ഇലക്ട്രൽ ബോണ്ടുകളാണ്. ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം, സംഭാവന നൽകുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവുകയില്ല. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കായി പണം നിക്ഷേപിക്കാമെന്നാണ് 1 കോടി രൂപയുടെ ഡിനോമിനേഷൻ ബോണ്ടിനുള്ള ആവശ്യം സൂചിപ്പിക്കുന്നത്.
ഇബി സ്‌കീമിലെ വ്യവസ്ഥകൾ അനുസരിച്ച്, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനസഭയിലേക്ക് പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടുകയും ചെയ്ത പാർട്ടികൾ മാത്രമാണ് യോഗ്യത നേടുക.
മറുനാടന് ഡെസ്ക്