- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപിയെന്ന വസ്തുത കണക്കിലെടുത്താണ് ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്; സാധാരണ കുറ്റവാളിയോട് സ്വീകരിക്കുന്ന സമീപനമല്ല; ലക്ഷദ്വീപ് എംപി കുറ്റക്കാരനെന്ന വിധിക്കുള്ള സ്റ്റേ റദ്ദാക്കി സുപ്രീംകോടതി; കേസ് ആറാഴ്ച്ചക്കകം പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം; മുഹമ്മദ് ഫൈസലിന് കനത്ത തിരിച്ചടി
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് കനത്ത തിരിച്ചടി. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷൻസ് കോടതി വിധി സസ്പെൻഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു. അതേസമയം, ഹൈക്കോടതി വിധി വരുന്നതുവരെ എംപി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ആറാഴ്ചത്തേക്ക് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നത് ജസ്റ്റിസുമാരായ ബിവി നഗരത്നയും ഉജ്ജൽ ഭൂയാനും അടങ്ങിയ ബെഞ്ച് തടഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരായ ഫൈസലിന്റ അപ്പീലിലും അതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നൽകിയ ഹർജിയിലും ഹൈക്കോടതി ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം.
കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്ത് വർഷത്തെ തടവുശിക്ഷയും കോടതി സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ ഫൈസൽ എംപി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണം ആണ് ഫൈസലിന് എംപി സ്ഥാനം നിലനിർത്താനായത്.
എംപിയെന്ന വസ്തുത കണത്തിലെടുത്താണ് കേസിൽ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോട് സ്വീകരിച്ചതെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേസിൽ വീണ്ടും വാദംകേൾക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.
സ്റ്റേ ഉത്തരവ് റദ്ദാക്കിയാൽ എംപി സ്ഥാനത്തിന് അയോഗ്യത ഉണ്ടാകുമെന്ന് ഫൈസലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി. പാർലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടർമാരുടെ അവകാശത്തെ ഹനിക്കുന്ന കാര്യമാണെന്ന രാഹുൽ ഗാന്ധി കേസിലെ സുപ്രീം കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫൈസലിന് ഹൈക്കോടതി വിധി വരുന്നതുവരെ എംപിസ്ഥാനത്ത് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയത്.
മുൻ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകൻ മുഹമ്മദ് സാലിയയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷൻസ് കോടതി കണ്ടെത്തിയത്. ഇവർക്കു പത്തു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിനെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ തീരുമാനമാവുന്നതുവരെ ശിക്ഷാ വിധി ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്