- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽക്കിസ് ബാനു കേസ്: പ്രതികളെയെങ്ങനെ മോചിപ്പിക്കും; ഈ ഇളവ് മറ്റ് പ്രതികൾക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്; മാനസാന്തരത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം; ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഘം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഗുജറാത്ത് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി വിമർശനം ഉയർത്തിയത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 14 വർഷത്തിന് ശേഷം ഇവരെ എങ്ങനെ മോചിപ്പിക്കുമെന്ന് കോടതി ചോദിച്ചു.
ഈ ഇളവ് മറ്റ് പ്രതികൾക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണ്. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്തിന് ആനുകൂല്യം നൽകിയെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന, ഉജ്ജാൽ ബുഹൻ എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു. 14 വർഷത്തിന് ശേഷം ബിൽകിസ് ബാനു കേസിലെ പ്രതികൾക്ക് മാനസാന്തരത്തിനുള്ള അവസരം നൽകുമ്പോൾ മറ്റുള്ളവർക്ക് എന്തുകൊണ്ടാണ് ഇത് നൽകാതിരുന്നതെന്നും സുപ്രീകോടതി ചോദിച്ചു.
മാനസാന്തരത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം. നമ്മുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണോ. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ നൽകൂവെന്നും കോടതി പറഞ്ഞു. ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്കായി ജയിൽ ഉപദേശക സമിതി രൂപീകരിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾ മോചിതരായത്. 2008ലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. തുടർന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു.
രാധേശ്യാമിന്റെ വിഷയം പരിശോധിക്കാൻ കോടതി ഗുജറാത്ത് സർക്കാറിന് നിർദ്ദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളേയും മോചിപ്പിക്കുകയായിരുന്നു. എന്നാൽ, രാധേശ്യാമിന്റെ ഹരജിയുടെ അടിസ്ഥാനത്തിൽ അയാളുടെ മോചനത്തിന്റെ കാര്യം പരിഗണിക്കാനാണ് കോടതി നിർദേശിച്ചതെന്നും ഇതിന്റെ മറവിൽ മുഴുവൻ പ്രതികളേയും ഗുജറാത്ത് സർക്കാർ വിട്ടയക്കുകയായിരുന്നുവെന്നും ബിൽക്കിസ് ബാനുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.