ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ തടസ്സ ഹർജി ഫയൽ ചെയ്ത് ദിലീപ്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത്. അതിജീവിതയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയിൽ തടസ്സഹർജി ഫയൽചെയ്തത്.

കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദിലീപ് തടസ്സ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിക്കുന്ന പക്ഷം അതിജീവിതയുടെ ഹർജിയിൽ ഉത്തരവിറക്കും മുന്നേ കോടതി ദിലീപിനേയും കേൾക്കും.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചത്. എക്‌സൈസ് വകുപ്പിൽ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ ആരോപിച്ചിട്ടുണ്ട്.

മുൻവിധിയോടെയാണ് സെഷൻസ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യുട്ടർമാർ കേസിൽനിന്ന് പിന്മാറി. വിസ്താരത്തിനിടയിൽ പ്രതിയുടെ അഭിഭാഷകൻ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ ഇത് തടയാൻ സെഷൻസ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിക്കുന്നു. കേസ് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമപ്രശനങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതകൾ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹർജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ വിശദീകരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. എന്നാൽ, സുപ്രീംകോടതി രജിസ്ട്രി അതിജീവിതയുടെ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ ചില പ്രതികളുടെ ജാമ്യഹർജി പരിഗണിച്ചത് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജെ.കെ. മഹേശ്വരി എന്നിവരാണ് വിചാരണക്കോടതി ജഡ്ജിയോട് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ഡിസംബർ പതിമൂന്നിന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കഴിവതും ജനുവരി 31-നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടതി നിർദേശിച്ചതനുസരിച്ച് നടപടി പുരോഗതി റിപ്പോർട്ട് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം സുപ്രീംകോടതി പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, വിചാരണക്കോടതി ജഡ്ജി വിചാരണ പൂർത്തിയാക്കാൻ സാധ്യമായ പ്രയത്‌നം നടത്തുന്നതായി ജസ്റ്റിസ് ദിനേശ് മഹേശ്വരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.