- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണം; കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയ സർക്കാർ നടപടിയെ അനുകൂലിച്ച അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി; ബിജെപിയുടെ താരപ്രചാരകനെ വിമർശിച്ചത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്
ന്യൂഡൽഹി: കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടിയെ അനുകൂലിച്ചുള്ള പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. കർണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് അമിത് ഷാ പ്രസംഗിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ബിജെപിയുടെ താരപ്രചാരകൻ കൂടിയായ അമിത് ഷായെ കോടതി വിമർശിച്ചത്. അടുത്തിടെയാണ് കർണാടകയിൽ മുസ്ലിംകൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി സർക്കാർ റദ്ദാക്കിയത്. ബസവരാജ് ബൊമ്മെ സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കർണാടകയിലെ പ്രചാരണ റാലിയിൽ പ്രസംഗിച്ചതാണ് അമിത് ഷായ്ക്കു വിനയായത്.
''മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ മുസ്ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു'' എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ അഭിപ്രായപ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി.
എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അമിത് ഷായുടെ പ്രസ്താവനയിൽ കോടതി ചോദിച്ചു. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്‌ന, അഹ്‌സാനുദ്ദീൻ അബ്ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് അമിത് ഷായുടെ നടപടിയെ വിമർശിച്ചത്. ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന്, സംവരണം റദ്ദാക്കിയതിനെതിരെ ഹർജി നൽകിയവർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ വിമർശനം.
ഇത്തരം പ്രതികരണത്തെപ്പറ്റി അറിയില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുസ്ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. അതുവരെ ഉത്തരവ് നടപ്പാക്കില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകി.
കർണാടകയിൽ നാലു ശതമാനം മുസ്ലിം സംവരണം നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. ഈ ഘട്ടത്തിലാണ് കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ ഈ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂടുതൽ സമയം തേടുകയായിരുന്നു. നാളെയാണ് കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കർണാടകത്തിലെ മുസ്ലിം സംവരണം റദ്ദാക്കിയ ഉത്തരവിനെതിരായ ഹർജികൾ ജൂലൈ 25-ന് മാത്രമേ ഇനി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളു. ജസ്റ്റിസ് കെ.എം. ജോസഫ് അതിനു മുമ്പ് വിരമിക്കുമെന്നതിനാൽ ഹർജി പുതിയ ബഞ്ചിന്റെ പരിഗണനയിലാകും വരിക. അതുവരെ സർക്കാർ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത തവണ ഹർജി സുപ്രീംകോടതിയുടെ പരിഗണയിൽ വരുമ്പോൾ സംസ്ഥാനത്ത് പുതിയ സർക്കാരാകും അധികാരത്തിൽ ഉണ്ടാകുക. കർണാടകത്തിൽ ഭരണത്തുടർച്ച ആണെങ്കിലും, ഭരണ മാറ്റം ആണെങ്കിലും ഈ കേസിനെ സംബന്ധിച്ചെടുത്തോളം അത് നിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ