- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക; ഒരു കാര്യവുമില്ലാത്ത ഹർജി'; ബിബിസിക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന ഹിന്ദുസേനയുടെ ആവശ്യം തള്ളി സുപ്രീം കോടതി; ആരോപണം തെറ്റിദ്ധാരണ പരത്തുന്നതെന്ന് നിരീക്ഷണം
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി രാജ്യത്ത് വൻ ചർച്ചയായതിന് പിന്നാലെ ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹിന്ദു സേന സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക' എന്ന് കോടതി ആരാഞ്ഞു. ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് രാജ്യത്ത് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം യാതൊരു കാര്യമില്ലാത്ത ഹർജി എന്നു വിലയിരുത്തിയാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് ആവശ്യം തള്ളിയത്.
ബിബിസി ഇന്ത്യയ്ക്കെതിരെ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ഹിന്ദു സേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത, കർഷകനായ ബീരേന്ദ്ര കുമാർ സിങ് എന്നിവരാണ് ഹർജി നൽകിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വൻ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവർത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെടുന്നത്.
രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവർത്തനവും നിരോധിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിൽ ഹിന്ദുസേനയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.
ഹർജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ്, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബി.ബി.സിയുടെ ഡോക്യുമെന്ററി വരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. യു.കെയിൽ ഇന്ത്യക്കാരൻ പ്രധാനമന്ത്രിയായിരിക്കുന്നു. കൂടാതെ ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ വിരുദ്ധ വികാരം വളർത്താനാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് ഹർജിക്കാരൻ വാദിച്ചു.
ഈ വാദത്തിൽ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. പൂർണമായി നിരോധിക്കാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? എന്താണ് ഇത്? ഈ ഹരജി പൂർണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണ്. ഹരജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
ജനുവരി 21 ന് ഐ.ടി ആക്ടിലെ അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ച് കേന്ദ്രം ബി.ബി.സിയുടെ വിവാദമായ ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ന്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. യൂട്യൂബ് വിഡിയോകൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു.