ന്യൂഡൽഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അടുത്ത ബുധനാഴ്ച ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനിരിക്കെയാണ് ഹർജി കോടതിക്ക് മുന്നിലെത്തിയത്. മുർസലിൻ അസിജിതി ശെയ്ഖ് എന്ന വ്യക്തിയാണ് ഹർജിയുമായി എത്തിയത്.

ഹർജി രാവിലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുൻപാകെ പരാമർശിക്കുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് മുൻപ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. മുതിർന്ന അഭിഭാഷകർക്ക് ചന്ദ്രചൂഡ് കൂടുതൽ പരിഗണന നൽകുന്നുവെന്നും ജൂനിയർ അഭിഭാഷകർക്ക് പരിഗണന നൽകുന്നില്ലെന്നും ഉൾപ്പെടെയുള്ള വാദങ്ങളാണ് ഹർജിക്കാരൻ കോടതിക്ക് മുമ്പാകെ വച്ചത്. കൂടാതെ സുപ്രീം കോടതിയുടെ മുൻകാല ബെഞ്ചുകളുടെ വിധികളെ മറികടന്നും അവഗണിച്ചും പല വ്യവഹാരങ്ങൾക്കും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അർഹമായ നീതി നിഷേധിച്ചെന്നും ഹർജിക്കാരൻ വാദിച്ചു.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മകൻ ബോംബേ ഹൈക്കോടതിയിൽ ഹാജരായ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ അത് പരിഗണിച്ച് അനുകൂല വിധി നൽകിയെന്നും അഭിഭാഷകൻ കോടതിയോട് പറഞ്ഞു. വാദത്തിനിടെ കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പലപ്പോഴും ഹർജിക്കാരന് കഴിഞ്ഞില്ല. ഹർജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹർജി ഇന്ന് തന്നെ പരിഗണിച്ചതെന്നും എന്നാൽ യതൊരു അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു.

ഹർജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ബുധനാഴ്‌ച്ചയാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുക.

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മെയ്‌ 13നാണ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവിൽ യു യു ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകൾ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.

അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ വൈ വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു.

സുപ്രധാന കേസുകളിലെ വിധികളിലൂടെയും നീരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടം നേടിയിരുന്നു. സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാൻ മതങ്ങൾക്ക് കഴിയില്ലെന്ന ശബരിമല സ്ത്രീപ്രവേശന വിധിയിലെ പരാമർശം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും, വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവ് വൈ വി ചന്ദ്രചൂഡിന്റെ വിധികൾ ഡി വൈ ചന്ദ്രചൂഡ് രണ്ട് തവണ തിരുത്തി.