ന്യൂഡൽഹി: മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങൾ നിലവിൽതന്നെ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്ന പ്രത്യേക വിധിയും എഴുതി.

ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തിൽ മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കുമായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്നാണ് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

ജനപ്രതിനിധികളുടെ പ്രസംഗങ്ങൾക്കു മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളാണ് ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹർജികൾ ഉൾപ്പെടെയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഒരു മന്ത്രി അവഹേളനപരമായ പ്രസ്താവനകൾ നടത്തിയാൽ, അത്തരം പ്രസ്താവനകൾ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയുമെന്നാണ് ജസ്റ്റിസ് ബി.വി നാഗരത്ന നിരീക്ഷിച്ചത്. എന്നാൽ, മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാരിന്റെ നിലപാടുമായി പൊരുത്തപ്പെടാത്ത തെറ്റായ പരാമർശങ്ങളാണെങ്കിൽ അത് വ്യക്തിപരമായ പരാമർശമായി കണക്കാക്കുമെന്നും അവർ വ്യക്തമാക്കി.

മന്ത്രിമാരുടെയും മറ്റ് സമുന്നത പദവിയിലിരിക്കുന്ന പൊതുസേവകരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്താമോ എന്നവിഷയത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിപറഞ്ഞത്. മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാൻ എന്നിവരുടെ വിവാദ പരാമർശങ്ങൾക്കെതിരായ പരാതികളിലേതുൾപ്പെടെ വിശാലമായ നിയമപ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്.

യു.പി.യിലെ ബുലന്ദ്ഷെഹറിൽ കൂട്ടബലാത്സംഗത്തിനിരയായവർക്കെതിരേ മുന്മന്ത്രി അസം ഖാൻ നടത്തിയ പരാമർശങ്ങൾക്കെതിരേ കൗശൽ കിഷോർ നൽകിയ പരാതിയാണ് ആദ്യം സുപ്രീം കോടതിയിലെത്തിയത്.

ഇതിനുപിന്നാലെയാണ് മന്ത്രി എം.എം. മണിയുടെ പരാമർശങ്ങൾക്കെതിരേ ഇറ്റലിയിലെ പ്രവാസി മലയാളിയായ ജോസഫ് ഷൈൻ കോടതിയിലെത്തിയത്. പൊമ്പിളൈ ഒരുമ പ്രവർത്തകർ, ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ തുടങ്ങിയവർക്കെതിരേ എം.എം. മണി നടത്തിയ പരാമർശങ്ങൾക്കെതിരേയായിരുന്നു പരാതി.