- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പട്ടികളെ തൽക്കാലം കൊല്ലണ്ട; അടിയന്തിര അനുമതി നൽകണമെന്ന ആവശ്യം നിരസിച്ചു. സംസ്ഥാനത്തെ പ്രശ്നം പ്രത്യേകതയുള്ളതാണെന്നും ഏഴ് വർഷത്തെ തെരുവ്നായ ആക്രമണങ്ങളുടെ കണക്ക് നൽകാനും സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിലെ അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാൻ അടിയന്തിര അനുമതി നൽകണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിക്ക് മുമ്പാകെ ഉന്നയിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അതെസമയം സംസ്ഥാനത്തെ തെരുവുനായ അക്രമങ്ങൾ തടയുന്നത്തിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ അടുത്ത വർഷം ഫെബ്രുവരിയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.ഇത് സംംബന്ധിച്ച അടിയന്തിര അനുമതി നൽകണമെന്ന അഭിഭാഷകൻ വി.കെ.ബിജു ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം ഇപ്പോൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സി.കെ.ശശി കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന്, ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹർജി നൽകാനായിരുന്നു സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നൽകിയ നിർദ്ദേശം.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, ഗോപിനാഥ് മേനോൻ എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് സീനിയർ അഭിഭാഷകൻ വി.ചിദംബരേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഈ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നിയമം ലംഘിച്ച് നായകൾക്കെതിരെ അക്രമം ഉണ്ടായാൽ അതിനെതിരേയും പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേരളത്തിൽ ഒരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗൻ സമിതി റിപ്പോർട്ടിനെ ഉദ്ധരിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രശ്നം പ്രത്യേകതയുള്ളതാണെന്നും കോടതി വിലയിരുത്തി. കേരളമുൾപ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമർപ്പിക്കാൻ മൃഗക്ഷേമ ബോർഡിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.തെരുവുനായ ആക്രമണങ്ങൾ നേരിടുന്നതിനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കാൻ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.
തെരുവുനായ അക്രമങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ പരിഗണിക്കാൻ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ സമിതി കൈമാറിയ റിപ്പോർട്ടിനോട് എതിർപ്പുള്ളവർ അക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. കേസിലെ വിവിധ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി.സുരേന്ദ്ര നാഥ്, വി.ഗീത, എം.കെ.അശ്വതി എന്നിവരും ഹാജരായി.