ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടെ ജയിൽ മാറ്റത്തിനുള്ള ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീംകോടതിയുടെ നോട്ടീസ്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി അമീറുൾ ഇസ്ലാം കോടതിയെ സമീപിച്ചത്. നാല് ആഴ്‌ച്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ, ജയിൽ ചട്ട പ്രകാരം പ്രതിയെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2014-ലെ ജയിൽ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വധശിക്ഷയ്ക്ക് എതിരായ അപ്പീൽ, കോടതിയുടെ പരിഗണനയിൽ ഇരിക്കവെ അവരെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്നതാണ് വ്യവസ്ഥ.

ഇത് നിലനിൽക്കെ പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.താൻ അസം സ്വദേശിയാണ്, ഭാര്യയും മാതാപിതാക്കളും അവിടെയാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അമീറുൾ ഇസ്ലാം അപേക്ഷ നൽകിയത്.

നിലവിൽ വിയ്യൂർ ജയിലിലാണ് പ്രതിയുള്ളത്.2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൊല നടത്തിയത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.