- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശ്രമക്കേസിലെ പരാതിക്കാരന് പതിനാറ് പരിക്കുകളുണ്ടായിരുന്നു; സമയത്ത് ചികിത്സ നൽകിയില്ലായിരുന്നെങ്കിൽ മരണം സംഭവിച്ചേനെ; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഫൈസലിനെതിരായ പരാതിക്കാരന് പതിനാറ് പരുക്കുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു.
സമയത്ത് ചികിത്സ നൽകിയില്ലായിരുന്നെങ്കിൽ മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി അപൂർവമായ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനാണ് കോടതിയെ സമീപിച്ചത്.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് കവരത്തി സെഷൻസ് കോടതി വിധിച്ചത്.
ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ചു ജയിലിലാക്കി. തിരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചിരുന്നു.
ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഫൈസൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകി. എന്നാൽ രണ്ടു മാസത്തോളമായിട്ടും അയോഗ്യത പിൻവലിക്കാത്തതിൽ അദ്ദേഹം കോടതിയെ സമീപിച്ചു. പിന്നാലെ അയോഗ്യത പിൻവലിച്ച് ലോക്‌സഭ സെക്രട്ടേറയറ്റ് ഉത്തരവിറക്കിയിരുന്നു.
ഇന്നു രാവിലെയാണ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. അയോഗ്യതയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു നിർണായക തീരുമാനം.
കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസൽ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, കെ.ആർ.ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളി ബ്യൂറോ