ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതു സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐ.ടി ചട്ടങ്ങളിലെ 2023-ലെ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ബോംബെ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ നിലനിൽക്കും.

ഈ വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. എന്നാൽ കേസിന്റെ മെറിറ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെ നൽകിയ ഹർജികളാണു സുപ്രീം കോടതി പരിഗണിച്ചത്.

ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുന്നേയാണു വാർത്തകളുടെ പരിശോധനയ്ക്ക് പിഐബിക്കു ചുമതല നൽകി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. പിഐബിയുടെ ഫാക്ട് ചെക്കിങ് പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അവയുടെ ഉള്ളടക്കം നീക്കം ചെയ്യേണ്ട അവസ്ഥ വരുമായിരുന്നു.

കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡ് കൊമീഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഫാക്ട് ചെക്കിങ് നടത്താൻ പിഐബിക്ക് ചുമതല നൽകി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഇക്കാര്യവും കോടതി പരിഗണിച്ചു.

അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സോഷ്യൽ മീഡിയ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. 72 മണിക്കൂറിനകം ഉള്ളടക്കം നീക്കാതിരിക്കാനും ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമിന് അവകാശമുണ്ട്. എന്നാൽ, പരാതിക്കാർ കോടതിയെ സമീപിച്ചാൽ പ്ലാറ്റ്‌ഫോമുകൾക്കു 'സേഫ് ഹാർബർ' പരിരക്ഷ ലഭിക്കില്ല. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്‌ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് സേഫ് ഹാർബർ പരിരക്ഷ. പ്ലാറ്റ്‌ഫോം കേസ് നടത്തേണ്ടി വരും. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

പിഐബി വസ്തുതാ പരിശോധനക്ക് തയാറായതോടെ മാധ്യമസ്ഥാപനങ്ങളും ആശങ്കയിലാണ്. വിവിധ ഉറവിടങ്ങളിൽ നിന്ന് മാധ്യമസ്ഥാപനത്തിന് ലഭിക്കുന്ന ഒരു വാർത്ത സർക്കാരിന് ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താം. മാധ്യമസ്ഥാപനത്തിന്റെ വാർത്ത സ്വന്തം പോർട്ടലിൽനിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാർത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമായി മാറും. സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളിൽ സർക്കാരിന്റെ തന്നെ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്വന്തം നിലയിൽ നിയമപോരാട്ടം നടത്തേണ്ടിവരുമെന്നതിനാൽ 'വ്യാജ ഉള്ളടക്കം' നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു വരുന്ന പരാതികൾ ഭൂരിഭാഗവും സമൂഹമാധ്യമകമ്പനികൾ അംഗീകരിക്കാനും സാധ്യത കൂടുതലായിരുന്നു.