- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള സരിത നായരുടെ ഹർജി തള്ളി സുപ്രീം കോടതി; നടപടി, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേത്
ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി . ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
നേരത്തെ എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ഈ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്. എന്നാൽ, കോടതി നടപടികളിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹർജി പുനഃസ്ഥാപിക്കാൻ സരിത അപേക്ഷ നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹർജി മെറിറ്റിൽ പരിഗണിച്ച ശേഷമാണ് തള്ളിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധിക്ക് എതിരായി മത്സരിക്കാൻ സരിത എസ് നായർ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. എന്നാൽ അമേഠി മണ്ഡലത്തിൽ നിന്നും രാഹുലിനെതിരെ മത്സരിക്കാനുള്ള സരിത എസ് നായരുടെ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത് എസ് നായർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
രാഹുലിന്റെ വിജയം റദ്ദ് ചെയ്ത് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. എന്നാൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് സരിത എസ് നായരുടെ ഹർജി തള്ളുകയും സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ വിധിച്ചത്.
നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും അപ്പോഴൊന്നും ഹാജരാവാൻ പരാതിക്കാരിയായ സരിത എസ് നായരോ അഭിഭാഷകനോ തയ്യാറായിരുന്നില്ല. ഇതോടെ കോടതി കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. വയനാടിന് പുറമെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഹൈബി ഈഡനെതിരെ മത്സരിക്കാന് നൽകിയ പത്രികയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി തള്ളിയിരുന്നു.
സോളാർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് 3 വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം പിഴയും വിധിച്ചിരുന്നു. ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്.
രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏതൊരു വ്യക്തിയും അയോഗ്യരാകും. ഇവിടുത്തെ കേസുകൾ ശ്രദ്ധയിൽപ്പെടാത്തതുകൊണ്ടോ എന്തോ അമേഠിയിൽ സരിതയുടെ പത്രിക സ്വീകരിക്കപ്പെടുകയായിരുന്നു. മുളക് ചിഹ്നത്തിൽ സ്വതന്ത്രയായി മത്സരിച്ച സരിത അമേഠിയിൽ 443 വോട്ടുകൾ സ്വന്തമാക്കുകയും ചെയ്തു.
വയനാട് മണ്ഡലത്തിൽ നിന്ന് 4,31, 770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി ജയിച്ചത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. സംസ്ഥാനത്ത് ആകെയുള്ള 20 ൽ 19 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ സാധിച്ചു. ഇതിൽ 16 ഇടത്തും വിജയിച്ചതും കോൺഗ്രസായിരുന്നു. അന്നത്തെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയത് പാർട്ടിയുടെ മികച്ച പ്രകടനത്തിൽ നിർണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.