- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധികളിൽ 'വേശ്യയും', 'വ്യഭിചാരിണിയും', 'വെപ്പാട്ടിയും', 'അവിഹിത ബന്ധവും' വേണ്ട; കർത്തവ്യബോധമുള്ള ഭാര്യ, അനുസരണ ശീലമുള്ള ഭാര്യ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം; ചുവപ്പുകൊടി വീശേണ്ട വാക്കുകളുടെ ശൈലീ പുസ്തകം ഇറക്കി സുപ്രീം കോടതി; സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴത്തുന്ന പദങ്ങൾ അരുതെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: കാലത്തിനൊത്ത് പലതും മാറേണ്ടി വരും. മുൻധാരണകളെ പൊളിച്ചെഴുതേണ്ടി വരും. അപ്പോൾ നേരത്തെ ഉറച്ചുപോയ പല ശൈലീ പ്രയോഗങ്ങളും തിരുത്തുകയോ, ഒഴിവാക്കുകയോ വേണ്ടി വരും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുൻകൈയെടുത്ത് കോടതി വിധികളിൽ ലിംഗ വിവേചനമുള്ള പദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശൈലീ പുസ്തകം ഇറക്കി.
വേശ്യ, വ്യഭിചാരിണി, വെപ്പാട്ടി, തുടങ്ങിയ അർഥം വരുന്ന (Prostitute, hooker, whore, keep, mistress, slut ) 40 ഓളം വാക്കുകൾക്കാണ് ചുവപ്പ് കൊടി വീശിയത്. കോടതി വിധികളിൽ അത്തരം സ്റ്റീരിയോ ടൈപ്പ് വാക്കുകൾ ഉപയോഗിക്കുന്നതിനെതിരെ ജഡ്ജിമാരെ ബോധവൽക്കരിക്കുകയും ശൈലീ പുസ്തകത്തിന്റെ ലക്ഷ്യത്തിൽ പെടുന്നു.
ഇന്ന് രാവിലെയാണ് ചീഫ് ജസ്റ്റിസ് 'ഹാൻഡ്ബുക്ക് ഓൺ കംബാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്പ്‌സ്' പ്രകാശനം ചെയ്തത്. ' ഈ വാക്കുകൾ തികച്ചും അനുചിതമാണ്. ഇതിനുമുമ്പ് പല കോടതി വിധികളിലും സ്ത്രീകളെ വിശേഷിപ്പിക്കാൻ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം വിധികളെ വിമർശിക്കുകയോ, സംശയത്തിൽ നിർത്തുകയോ അല്ല ഈ ശൈലീ പുസ്തകത്തിന്റെ ലക്ഷ്യം. ലിംഗ വിവേചനമുള്ള പദങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ശൈലീ പുസ്തകം.
വിധി ശരിയാണെങ്കിൽക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയിൽ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തുമെന്നും ശൈലീ പുസ്തകത്തിൽ പറയുന്നു. വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിർബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിംഗ മാറ്റം തുടങ്ങിയ വാക്കുകളിൽ വിധികളിലും കോടതി വ്യവഹാരങ്ങളിലും ഉപയോഗിക്കരുതെന്ന് ശൈലീ പുസ്തകം നിർദേശിക്കുന്നു. ബലാത്സംഗത്തിന് ഇരയാവുന്നവരെ ഇര എന്നോ അതിജീവിച്ചയാൾ എന്നോ അവരുടെ താത്പര്യപ്രകാരം പറയാം.
കോടതി വിധികളിൽ അഭിസാരിക, വ്യഭിചാരിണി തുടങ്ങിയ അർഥം വരുന്ന പദങ്ങൾ ഒഴിവാക്കണം. പകരം ജഡ്ജിമാർ, വ്യക്തികളുടെ ലൈംഗികാഭിമുഖ്യം വ്യക്തമാക്കുന്ന ഹോമോസെക്ച്വൽ, ബൈസെക്ച്വൽ, വുമൺ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണം. ഫാളൻ വുമൺ, ഹാർലറ്റ് തുടങ്ങിയ മോശം പദങ്ങൾ അരുത്.
കർത്തവ്യബോധമുള്ള ഭാര്യ, അനുസരണ ശീലമുള്ള ഭാര്യ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം. സ്ത്രീകൾ വൈകാരികമായി ദുർബലർ, തീരുമാനം എടുക്കാൻ ശേഷിയില്ലാത്തവർ, അവിവാഹിതകൾക്ക് തീരുമാനം എടുക്കാൻ കെൽപ്പില്ലാത്തവർ, എല്ലാ സ്ത്രീകൾക്കും കുട്ടികൾ വേണമെന്നുള്ളവർ തുടങ്ങിയ സ്റ്റീരിയോടൈപ്പുകൾ ഒഴിവാക്കാനും ശൈലീ പുസ്തകം ആവശ്യപ്പെടുന്നു. ശൈലീ പുസ്തകം സുപ്രീം കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്