ന്യൂഡൽഹി: ഹത്രാസ് ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 9നു അന്തിമ തീർപ്പുണ്ടാക്കുമെന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. സെപ്റ്റംബർ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

കേസിൽ സിദ്ദിഖ് കാപ്പനൊപ്പം ജയിലിൽ കഴിയുന്ന മറ്റ് രണ്ടു പേരും കലാപക്കേസുകളിൽ പ്രതിയാണ്.ഒരാൾ ഡൽഹി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർ കലാപക്കേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. യുപി സർക്കാരിനു പറയാനുള്ള കാര്യങ്ങൾ 3 ദിവസത്തിനുള്ളിൽ സത്യവാങ്മൂലമായി നൽകാൻ നിർദേശിച്ച കോടതി യുപി സർക്കാരിനു നോട്ടിസയച്ചു. ഹർജികൾ സെപ്റ്റംബർ 9നു പരിഗണിക്കാനായി മാറ്റി. അന്ന് അന്തിമ തീർപ്പുണ്ടാകുമെന്നാണ് കോടതി വ്യക്തമാക്കിയത്.

രണ്ടു വർഷമായി ജയിലിൽ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടു. 'പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പത്രത്തിൽ നേരത്തെ ജോലി ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് സമയത്ത് ആ പത്രത്തിൽ ജോലി ചെയ്തിരുന്നില്ല. പോരാത്തതിനു പോപ്പുലർ ഫ്രണ്ട് നിരോധിത സംഘടനയോ മറ്റോ അല്ല. പത്രപ്രവർത്തകനെന്ന നിലയിലാണ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഹത്രസിലേക്കു പോയത്'സിദ്ദീഖ് കാപ്പന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

കേസിലെ മറ്റു പ്രതികളുടെ അവസ്ഥയെന്താണെന്നു ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചോദിച്ചു. ഹത്രസിലേക്കുള്ള യാത്രയിൽ വണ്ടിയോടിച്ചിരുന്നയാൾക്കു ജാമ്യം കിട്ടിയെന്നും മറ്റു പ്രതികളും 2 വർഷമായി ജയിലിൽ തുടരുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇവർ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ലേയെന്ന ചോദ്യത്തിന് ഇവരുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു മറുപടി. എന്നാൽ, 8 മറ്റു പ്രതികളും കേസിലുണ്ടെന്നും ഡ്രൈവർക്കു മാത്രമാണ് ജാമ്യമെന്നും യുപി സർക്കാരിനു വേണ്ടി അഡീഷനൽ അറ്റോർണി ജനറൽ ഗരിമ പ്രസാദ് ചൂണ്ടിക്കാട്ടി. പ്രതികളിൽ പലരും ഡൽഹി കലാപക്കേസിലും പ്രതികളാണെന്നും യുപി സർക്കാർ അറിയിച്ചു.

നേരത്തെ അലഹാബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ച് സിദ്ദിഖ് കാപ്പന്റെ ഹർജി തള്ളിയിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസ് സന്ദർശിച്ചതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് പറഞ്ഞായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് രണ്ടു പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ ഹത്രാസിലേക്ക് പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിനിരയായി പെൺകുട്ടി കൊലപ്പെട്ട സംഭവത്തിന് പിന്നാലെ ഹത്രാസിൽ സമാധാനം തകർക്കാൻ എത്തിയെന്ന് ആരോപിച്ചാണ് 2022 ഒക്ടോബർ 5ന് ആണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത്. 22 മാസമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും (യുഎപിഎ) മറ്റ് കുറ്റങ്ങളും ചുമത്തിയാണ് സിദ്ദിഖ് കാപ്പനെതിരെ കേസെടുത്തിട്ടുള്ളത്.