ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആർത്തവ അവധി നടപ്പാക്കണമെന്ന പൊതു താൽപര്യ ഹരജിയിൽ സുപ്രീംകോടതി ഈ മാസം 24ന് വിധി പറയും. ബൈജൂസ്, സ്വിഗ്ഗി,സൊമാറ്റോ തുടങ്ങിയ സ്ഥാപനങ്ങളിൽ ശമ്പളത്തോടു കൂടിയ ആർത്തവ അവധി നൽകുന്ന കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി നൽകിയത്.

ഹൃദയസ്തംഭനത്തിനിടെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അതേ വേദനയാണ് ആർത്തവ കാലയളവിൽ സ്ത്രീകൾ അനുഭവിക്കുന്നതെന്ന ലണ്ടൻ യൂനിവേഴ്സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാണിച്ചാണ് ഹരജി സമർപ്പിച്ചത്. ഇത്തരം വേദന ജീവനക്കാരുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു.

പൊതുസ്ഥലങ്ങളിൽ സാനിറ്ററി പാഡുകൾ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് 2018 ൽ പാർലമെന്റിൽ ശശി തരൂർ അവതരിപ്പിച്ച വിമൻസ് സെക്ഷ്വൽ, റീപ്രൊഡക്ടീവ് ആൻഡ് മെൻസ്ട്രൽ റൈറ്റ്സ് ബില്ലിനെക്കുറിച്ചും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച 2017 മെൻസ്ട്രേഷൻ ബെനഫിറ്റ്സ് ബില്ലിനെക്കുറിച്ചും ഹരജിയിൽ പറയുന്നു.

പാർലമെന്റ് ബില്ലിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും ഇത് ആർത്തവ അവധിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഹരജിയിൽ പറയുന്നു. യുണൈറ്റഡ് കിങ്ഡം, വെയിൽസ്, ചൈന, ജപ്പാൻ, തായ്വാൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, സാംബിയ എന്നിവ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആർത്തവ അവധി നൽകുന്നുണ്ട്.