ന്യൂഡൽഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പള്ളിയിൽ സർവേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. മേലിൽ ഇത്തരം ആവശ്യങ്ങളുന്നയിച്ച് പൊതുതാൽപ്പര്യ ഹർജിയുമായി വരരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

ഈ ആവശ്യം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നിലപാട് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സിവിൽ ഹർജികളുള്ളതിനാൽ പൊതുതാല്പര്യ ഹർജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സിവിൽ ഹർജി നൽകാമെന്നും അഭിഭാഷകനായ മഹേക്ക് മഹേശ്വരിയോടു കോടതി പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അവിടെ കൃഷ്ണഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.

ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി മുൻപ് അനുമതി നൽകിയിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

ഒരേ വിഷയത്തിൽ നിരവധി സിവിൽ സ്യൂട്ടുകൾ തീർപ്പുകൽപ്പിക്കാൻ ഉള്ളതിനാൽ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പൊതുതാത്പര്യ ഹർജിയല്ലാതെ മറ്റൊരു അപേക്ഷ വേണമെങ്കിൽ ഹർജിക്കാരന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതേ കേസുമായി ബന്ധപ്പെട്ട്, പള്ളിയിൽ പരിശോധന നടത്താൻ കോടതി കമ്മീഷണറെ നിയമിക്കണമെന്ന അപേക്ഷ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഡിസംബർ 14-ലെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ, കഴിഞ്ഞ വർഷം ഡിസംബർ 15ന്, അനുവദിക്കണമെന്ന് ബാറിൽ വാക്കാൽ അഭ്യർത്ഥിച്ചപ്പോൾ ഈ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

1968-ൽ, ക്ഷേത്ര മാനേജ്മെന്റ് അഥോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിൽ 'ഒരു ഒത്തുതീർപ്പ് കരാർ' ഉണ്ടായിരുന്നു. ഇരു ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ കരാർ. എന്നാൽ ഈ കരാർ നിയമവിരുദ്ധവും വഞ്ചനയുടെ നേടിയതെന്നുമാണ് ഒരുവിഭാഗം വാദം. കൂടാതെ ഷാഹി ഈദ്ഗാഹ് പൊളിക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്.

നിലവിൽ കേസിലെ എല്ലാ ഹർജികളും അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരം ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ് നൽകിയ ഹർജി സെപ്റ്റംബറിൽ സുപ്രീംകോടതി നിരസിച്ചതാണ്.