- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും വർഷം ജയിലിൽ കഴിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ല; കേസിൽ നിരപരാധി എന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും ആവർത്തിക്കുന്നു; ടിപി വധ കേസ് പ്രതി കെ സി രാമചന്ദ്രന് എതിരായ റിപ്പോർട്ട് കോടതിയിൽ
കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾ മാനസാന്തരപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതി കെ സി രാമചന്ദ്രനെതിരായ ജയിലധികൃതരുടെ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. ദീർഘകാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുക.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നും എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സുപ്രിം കോടതി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രം വധശിക്ഷ നൽകാനാണ് സുപ്രിംകോടതി മാർഗനിർദ്ദേശം. പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.
കെ കെ കൃഷ്ണൻ നടത്തിയ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നുമുതൽ ഏഴുവരെ പ്രതികൾക്കെതിരെ വേറെയും കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാൻ യാതൊരു സാദ്ധ്യതയുമില്ല. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന് പുറത്തുനടന്ന കൊലപാതകമല്ല, മറിച്ച് ആസൂത്രിതമായാണ് നടന്നത്. കൊല നടത്തിയത് സിപിഎം അനുഭാവികളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി
എല്ലാ തെളിവുകളും കോടതി പരിശോധിച്ചതാണെന്നും കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പെട്ടെന്നുള്ള വികാരത്തിന് പുറത്ത് നടന്ന കൊലപാതകം അല്ല ടിപി ചന്ദ്രശേഖരന്റേത്. ഒരാളുടെ മാത്രം ബുദ്ധിയിൽ ആലോചിച്ചു നടത്തിയ കൊലപാതകം അല്ല ഇതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. അതുകൊണ്ട് ടിപി ചന്ദ്രശേഖരൻ വധം അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ല. രാഷ്ട്രീയ കൊലപാതകം അസാധാരണം അല്ലെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്നു കോടതി തിരിച്ചടിച്ചു. പരോളിൽ പുറത്തിറങ്ങുന്നവർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി, പിന്നെ എങ്ങനെ ഇത്തരം ആളുകൾക്ക് വീണ്ടും പരോൾ നൽകിയെന്നും സർക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു.
പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ