ന്യൂഡൽഹി: ഗുജറാത്ത് കാലപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്. ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുകൾ സൃഷ്ടിച്ചെന്നാണ് ടീസ്തയ്ക്കെതിരെ ചുമത്തപ്പെട്ട കേസ്. ടീസ്ത സെതൽവാദിനെതിരെയുള്ള തെളിവുകൾ ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കേസിൽ രണ്ട് മാസമായി കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചു. ഗുജറാത്ത് സർക്കാരിനെയും ഹൈക്കോടതിയെയും ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്ത സെതൽവാദ് ,മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള കേസ്.

കഴിഞ്ഞ ജൂൺ 25ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന ആരോപിച്ച് എസ്ഐടിയുടെ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയർവർക്കെതിരെ നിയമനടപടിയെടുക്കാമെന്ന കോടതി നിർദേശത്തിനു പിന്നാലെയാണ് നടപടിയുണ്ടായത്.