ന്യൂഡൽഹി: 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദർശനത്തിന് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിന് സ്‌റ്റേ. ചിത്രം തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തും ഇനി പ്രദർശിപ്പിക്കാം. സുപ്രീം കോടതിയാണ് നിരോധനം സ്‌റ്റേ ചെയ്തത്.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം പ്രദർശിപ്പിക്കാൻ, ക്രമസമാധാനപാലനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. മോശം ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ സ്വയം പരാജയപ്പെടുമെന്നു ജസ്റ്റിസുമാരായ പിഎസ് നരസിംഹയും, ജെ ബി പർദിവാലയും അടങ്ങിയ ബഞ്ച് പറഞ്ഞു. ബംഗാൾ സർക്കാരിന്റെ നിരോധന ഉത്തരവ് നിലനിൽക്കില്ലെന്ന് ബഞ്ച് നിരീക്ഷിച്ചു.

തമിഴ്‌നാട്ടിൽ സിനിമ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്കായി ഓരോ സിനിമാ ഹാളിലും അധിക സുരക്ഷ ഒരുക്കണമെന്നും, പ്രദർശനം തടയാൻ തമിഴ്‌നാട് സർക്കാരോ പൊലീസോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ചിത്രം നിരോധിക്കാനുള്ള ഹർജികൾ തള്ളിയ കേരള, മദ്രാസ് ഹൈക്കോടതി വിധികൾക്കെതിരായ അപ്പീലുകൾ ജൂലൈയിൽ കേൾക്കുമ്പോൾ, ചിത്രം കാണുമെന്നും ബഞ്ച് വ്യക്തമാക്കി.

ചിത്രം രാജ്യത്തുടനീളം പ്രദർശിപ്പിച്ചുവരികയാണെന്നും, അതിനെതിരെയുള്ള ആശങ്കകൾ സാങ്കൽപ്പികം മാത്രമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ചിത്രം കാണേണ്ടാത്തവർക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്രമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 32,000 ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും ഇസ്ലാമിലേക്ക് മതംമാറ്റിയിട്ടുണ്ടെന്നതിന് തങ്ങൾക്ക് ആധികാരിക രേഖയില്ലെന്ന് ഡിസ്‌ക്ലെയിമറിൽ ചേർക്കാമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നിർമ്മാതാവ് സമ്മതിച്ചു.

സിനിമയിൽ വിദ്വേഷ പ്രസംഗമുണ്ടെന്നും ചിത്രം കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് സംസ്ഥാനത്ത് സാമുദായിക സംഘർഷങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നുമാണ് കഴിഞ്ഞ ദിവസം ബംഗാൾ സർക്കാർ വാദിച്ചത്. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നത് തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് പശ്ചിമ ബംഗാൾ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തിനകത്ത് വിദ്വേഷവും അക്രമവും ഉണ്ടാകാതിരിക്കാനാണ് നിരോധനം നടപ്പാക്കിയത്.

മെയ് 8 നാണ് ദി കേരള സ്റ്റോറി നിരോധിക്കാനുള്ള തീരുമാനം ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്. ട്രെയ്ലർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിൽ അകപ്പെട്ട ചിത്രം പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം നേരിട്ടിരുന്നു. ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഒഴിവാക്കാനുമാണ് നിരോധനത്തിനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

മെയ് 5 ന് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി'യ്ക്ക് വിലക്കേർപ്പെടുത്തി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹിന്ദു പെൺകുട്ടികളെ സ്വാധീനിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിൽ ചേരാൻ നിർബന്ധിക്കുന്നു എന്ന പ്രമേയത്തെത്തുടർന്ന് ചിത്രം വിവാദത്തിൽ പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തെന്ന ചിത്രത്തിന്റെ ടീസറിലെ അവകാശവാദമാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ ഈ അവകാശവാദം ഇപ്പോൾ ടീസറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.