ന്യൂഡൽഹി: സ്ഥാനാർത്ഥികൾ ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. വിഷയം നിയമനിർമ്മാണത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, പൊതുതാൽപ്പര്യ ഹർജി കോടതി തള്ളിയത്.

ഒന്നിലധികം സീറ്റുകളിൽ മത്സരിക്കാൻ ഒരു സ്ഥാനാർത്ഥിയെ അനുവദിക്കുന്നത് നിയമനിർമ്മാണ നയത്തിന്റെ കാര്യമാണ്. രാഷ്ട്രീയ ജനാധിപത്യവുമായി ബന്ധപ്പെട്ട്, അത്തരമൊരു കാര്യം അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു സ്ഥാനാർത്ഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.

ഒരു സ്ഥാനാർത്ഥി ഒന്നിലേറെ സീറ്റുകളിൽ മത്സരിച്ച് വിജയിച്ചാൽ, ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് പൊതുഖജനാവിന് അധികഭാരം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഒരാൾ ഒന്നിലേറെ സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.