ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ റെയിൽവേ ഭൂമിയിൽ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയതു. ഒരു രാത്രി കൊണ്ട് അൻപതിനായിരത്തിലധികം പേരെ പിഴുതെറിയാനാവില്ല. വിഷയത്തിൽ മനുഷ്യത്വപരമായി കാര്യങ്ങൾ ഉണ്ടെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.

50 വർഷത്തിലേറെയായി ആളുകൾ താമസിക്കുന്ന സ്ഥലമാണ് അതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് സർക്കാരിനും റെയിൽവേയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെതിരെ, കോൺഗ്രസ് നേതാവും ഹൽദ്വാനി എംഎൽഎയുമായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹൽദ്വാനി റെയിൽവേ സ്റ്റേഷനോട് ചേർന്ന താമസിക്കുന്ന നാലായിരത്തോളം വീട്ടുകാർക്കാണ് വീടൊഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയത്. പ്രദേശം റെയിൽവേയുടെ ഭൂമി ആയതിനാൽ വീട് ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം. റെയിൽവേ നൽകിയ ഹർജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി, ഒരാഴ്ചത്തെ നോട്ടീസ് നൽകി കുടിയേറ്റക്കാരെ മുഴുവൻ ഒഴിപ്പിക്കാൻ തദ്ദേശ സ്ഥാപനത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

പ്രദേശത്തെ നാലായിരത്തോളം താമസക്കാരിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. വീട്ടുകാർ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തിൽ പ്രധാനമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്നിവർ ഇടപെടണമെന്നും, പ്രദേശവാസികളുടെ പ്രശ്‌നത്തിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് ക്വാസി നിസാമുദ്ദീൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 70 വർഷമായി പ്രദേശത്ത് താമസിക്കുന്നവരാണ് ഇവർ. ഇവിടെ പള്ളി, ക്ഷേത്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയവയുണ്ട്. പെട്ടെന്ന് അവയെല്ലാം ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.