- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോഡ് നന്നാക്കാൻ പുതിയ കരാറുകാർ; പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുമോ?; റോഡ് നന്നാക്കാതെ പാലിയേക്കരയിൽ എങ്ങനെ ടോൾ പിരിക്കും'; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; 107 റോഡുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ്
കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കര ടോൾപ്ലാസയിൽ എങ്ങനെ ടോൾ പിരിക്കുമെന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ഏൽപ്പിച്ചാൽ പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുമോ എന്നും ഹൈക്കോടതി ചോദിച്ചു. പുതിയ കരാറുകാരന് നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ച സാഹചര്യത്തിൽ എങ്ങനെയാണ് പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുക എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ കരാർ എടുത്തിരിക്കുന്നത് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാൽ ഇവർ റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ തയ്യാറായിരുന്നില്ല. അതുകൊണ്ട് റോഡിലെ കുഴി അടക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തി എന്ന കാര്യം ദേശീയപാതാ അഥോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു.
ഈ ഘട്ടത്തിലാണ് പഴയ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് എങ്ങനെ ടോൾ പിരിക്കാൻ കഴിയും എന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയത്. ഇക്കാര്യത്തിൽ ദേശീയപാതാ അഥോറിറ്റിയാണ് കൃത്യമായ വിശദീകരണം നൽകേണ്ടത്.
അതോടൊപ്പം തന്നെ റോഡിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന നടത്തിയ വിജിലൻസിന് ഹൈക്കോടതിയുടെ അഭിനന്ദനവും ഉണ്ടായി. 107 റോഡുകളിൽ പ്രാഥമികമായി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ തുക ടോൾ കമ്പനി പിരിച്ചതിനാൽ ഇത്രയും ഭീമമായ തുക പിരിക്കരുതെന്ന ആവശ്യം നേരത്തെ ഹർജിക്കാർ ഉയർത്തിയിരുന്നു. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത്. ദേശീയപാതയുടെ നിർമ്മാണത്തിന് 721.17 കോടി രൂപയാണ് ചെലവിട്ടത്. കഴിഞ്ഞ ജൂലായ് വരെ 801.60 കോടി രൂപ ടോൾ കമ്പനി പിരിച്ചിരുന്നു.
അതേ സമയം മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. 15 ശതമാനം വരെ നിരക്ക് വർധനയുണ്ട്. ടോൾപ്ലാസ ഒരുതവണ മറികടക്കാൻ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് 10 മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കാറുകൾക്ക് 80 രൂപ ടോൾ നൽകിയിരുന്നത് ഇന്നു അർധരാത്രി മുതൽ 90 രൂപ നൽകണം.
കോവിഡ് പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ 2 വർഷം ടോൾ നിരക്കിൽ കാര്യമായ വർധന വരുത്തിയിരുന്നില്ല. ഇത്തവണ രാജ്യത്തെ മിക്ക ടോൾപ്ലാസകളിലും 15 ശതമാനം ടോൾ നിരക്ക് ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ചെലവിൽ നേരിയ വർധനവുണ്ടാകും. പാലിയേക്കരയിലെ പ്രാദേശിക ചെറുകിട വാഹനങ്ങളുടെ മാസ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ വാഹനങ്ങൾക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരുടെ വാഹനങ്ങൾക്കു 300 രൂപയും എന്ന നിരക്ക് തുടരും. അതേസമയം അറ്റകുറ്റപ്പണികളിൽ ഉൾപ്പെടെ വീഴ്ച വരുത്തിയിട്ടും പാലിയേക്കരയിലെ ടോൾ കരാർ കമ്പനിക്ക് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.