ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത ഹർജി സമർപ്പിച്ചിരിക്കുന്നത്.

കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 13 ആം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയുമാണ്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിക്ക് എതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആയിരുന്ന 2020 ൽ ആണ് പി കെ കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയെ കേരള ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

കുഞ്ഞനന്തൻ മരിച്ചുവെങ്കിലും അദ്ദേഹം ടി പി വധക്കേസിൽ കുറ്റക്കാരൻ ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച പിഴ ശാന്ത നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവിന് എതിരെയാണ് ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ കുഞ്ഞനന്തൻ നിരപരാധി ആണെന്നും, കുറ്റക്കാരൻ ആണെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ റദ്ദാക്കണമെന്നും അഭിഭാഷകനായ ജി പ്രകാശ് മുഖേന ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനിടെ, ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ ഒന്നു മുതൽ എട്ടുവരെ പ്രതികൾ ശിക്ഷയിളവ് തേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇതിൽ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ആവശ്യം.

കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ സർക്കാർ നീക്കം വലിയ വിവാദമായതിനു പിന്നാലെയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.