- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ; 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്ന് വിധി; ശിക്ഷയിൽ ഇളവ് വേണമെന്ന സനുമോഹന്റെ അപേക്ഷ പരിഗണിച്ചില്ല; എല്ലാ കുറ്റവും തെളിഞ്ഞെന്ന് എറണാകുളത്തെ പ്രത്യേക കോടതി
കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വർഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി.
70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂർവ്വത്തിൽ അപൂർവ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 മാർച്ച് 21നാണ് പത്തുവയസുപ്രായമുള്ള മകളെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. ഒരു വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
ഐപിസി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവു നശിപ്പിക്കൽ, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികൾക്ക് മദ്യം നൽകൽ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.
പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാൻ ആണെന്ന് പറഞ്ഞാണ് സനു മോഹൻ മകളെ കൂട്ടിക്കൊണ്ടുവന്നത്.
എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു. കാർവാറിൽ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ