കൊച്ചി: ഉൽപ്പന്നം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച ഫ്രിഡ്ജിന്റെ നിർമ്മാതാവും സർവീസ് സെന്ററും ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം വാഴക്കാല സ്വദേശി എസ് ജോസഫ് ആണ് പരാതി നൽകിയത്.

2019 ജനുവരി മാസമാണ് സാംസങ് സർവീസ് സെന്ററിനെ ഫ്രിഡ്ജിന്റെ റിപ്പയറിങ്ങിനായി സമീപിച്ചത്. കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നൽകി 25 ദിവസം കഴിഞ്ഞിട്ടും സർവീസ് ചെയ്ത് കിട്ടിയില്ല. ഇതുമൂലം കുടുംബത്തിന്റെ ദൈനംദിന പ്രവർത്തനം തന്നെ താളം തെറ്റിയെന്ന് പരാതിക്കാരൻ പറയുന്നു.

പ്രായമായ മാതാപിതാക്കളുടെ പ്രമേഹ ചികിത്സാ മരുന്ന് സമയത്തിന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. നിരവധി തവണ സർവീസ് സെന്ററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. 9 വർഷങ്ങൾക്കുശേഷമാണ് ഫ്രിഡ്ജിന് തകരാറുണ്ടായതെന്നും നിർമ്മിച്ചതിലുള്ള പ്രശ്നമല്ലെന്നും മറിച്ച് പരാതിക്കാരൻ ഉപയോഗിച്ചതിന്റെ പിഴവ് മൂലമാണ് ഇത് സംഭവിച്ചത്. വാറണ്ടി കാലയളവിന് ശേഷമാണ് റിപ്പയർ ചെയ്യുന്നതിനായി സർവീസ് സെന്ററിൽ എത്തിയതെന്നും എതിർകക്ഷി കോടതിയെ ബോധിപ്പിച്ചു.

എന്നാൽ ന്യായമായ സമയത്തിനകം എതിർകക്ഷി ഫ്രിഡ്ജിന്റെ സർവീസ് നടത്തുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വി.രാമ ചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി.

വലിയ വില കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവ് അത് പ്രവർത്തന രഹിതമായാൽ സർവീസ് സെന്ററിനെ സമീപിക്കുന്നു. പലപ്പോഴും കൃത്യമായ സർവീസ് ഉൽപ്പന്നത്തിന് അവിടെ നിന്നും ലഭിക്കാറില്ല. അതിനാൽ മറ്റൊരു ഉൽപ്പന്നം തന്നെ വില കൊടുത്ത് വാങ്ങാൻ ഉപഭോക്താവ് നിർബന്ധനാകും. ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ മാത്രമല്ല ഇത് ഹനിക്കുന്നത്, അമിത ചെലവും പരിസ്ഥിതി മലിനീകരണവും വർദ്ധിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്തതുമൂലം പരാതിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിർകക്ഷികൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി പി യു സിയാദ് ഹാജരായി.