- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധം; ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്ക് ന്യായീകരണമല്ല'; മനുഷ്യാവകാശ ലംഘനത്തിന് കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും വിധിച്ച് ഡൽഹി ഹൈക്കോടതി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെ 2009-ൽ സിസ്റ്റർ സെഫി നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് വിധി. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശർമ്മയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ കേസിൽ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താൻ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി വിധിച്ചു.
പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു.
കന്യാകാത്വ പരിശോധനക്കെതിരെ നൽകിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റർ സെഫി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സിസ്റ്റർ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി എസ് റോബിൻ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
സിസ്റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാനാണ് എന്ന് നേരത്തെ സിബിഐ കോടതിയിൽ പ്രോസിക്യൂഷൻ വാദമുയർത്തിയിരുന്നു. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29ാം സാക്ഷിയുമായ ഡോ. രമയും ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പലും പ്രോസിക്യൂഷൻ 19ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും ആണ് പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കുന്ന മൊഴി കോടതിയിൽ അന്ന് നൽകിയത്.
സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്ത ശേഷം 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ അവർ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി. ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സിസ്റ്റർ സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.