കൊച്ചി: കുവൈത്തിലെ മംഗഫിലില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തീപിടുത്തത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി മലയാളികള്‍ കഴിയുകയും ചെയ്യുന്നു. ഇതിനിടെ ദുരന്തത്തില്‍ പ്രതികരിച്ച് എന്‍ബിടിസി എം ഡി കെ ജി എബ്രഹാം രംഗത്തുവന്നു. വൈകാരിക പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

ദുരന്തം തീര്‍ത്തും ദൗര്‍ഭാഗ്യകരമണെന്ന് കെ ജി എബ്രഹാം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ഈ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞങ്ങളുടെ വീഴ്ച്ച കൊണ്ടല്ല ദുരന്തമെങ്കിലും അപടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. അപകട സമയതത് കെട്ടിടത്തില്‍ 80ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും കെ ജി എബ്രഹാം പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ആ കുടുംബങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും ഉണ്ടാകുമെന്നും എബ്രഹാം വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. ഇന്‍ഷുറന്‍സ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ കെട്ടിടം തങ്ങള്‍ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാര്‍ട്ട്മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇന്‍ഷുറന്‍സായും നല്‍കും. ചികിത്സയില്‍ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു. വൈകാരികമായിട്ടായിരുന്നു എബ്രഹാമിന്റെ പ്രതികരണം.

കുവൈറ്റിലെ മംഗഫിലില്‍ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തീപിടിത്തം ഉണ്ടായ ഫ്ളാറ്റ്, മലയാളി വ്യവസായിയും എന്‍ബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ കെ ജി എബ്രഹാം വാടകയ്‌ക്കെടുത്തതായിരുന്നു. ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളിലൊന്നായ എന്‍ബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.

കേരളത്തില്‍ ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 38 വര്‍ഷമായി കുവൈറ്റില്‍ ബിസിനസുകാരനായ കഠിനാധ്വാനം കൊണ്ട് ജീവിതം വ്യവസായിയായി മാറിയ വ്യക്തമാണ്. കര്‍ഷകനായ കെ ടി ഗിവര്‍ഗീസിന്റെയും ശോശാമ്മയുടെയും മൂന്നാമത്തെ മകനായി 1954 നവംബര്‍ ഒന്‍പതിനാണ് കെ ജി എബ്രഹാമിന്റെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയ ശേഷം 22ാമത്തെ വയസില്‍ കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

സാധാരണ പ്രവാസിയെ പോലെ 1976ല്‍ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ 'ബദ്ധ ആന്‍ഡ് മുസൈരി' കമ്പനിയില്‍ 60 ദിനാര്‍ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വര്‍ഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേര്‍ത്ത് 4000 ദിനാര്‍ മൂലധനത്തില്‍ സ്വന്തം സ്ഥാപനം തുടങ്ങി. 1983ല്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എണ്ണ അനുബന്ധ ഉത്പാദനങ്ങളുടെ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്തുകൊണ്ടാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.

90 ജീവനക്കാരുമായി ആരംഭിച്ച എന്‍ടിബിസി ഇന്ന് 14 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

കുവൈറ്റില്‍ നിര്‍മ്മാണ മേഖലയില്‍ ചെറിയതോതില്‍ തുടക്കം കുറിച്ച കെ ജി എബ്രഹാം മികച്ച നിര്‍മ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. എന്‍ജിനിയറിങ്, കണ്‍സ്ട്രക്ഷന്‍, ഫാബ്രിക്കേഷന്‍, യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. എണ്ണ, പെട്രോകെമിക്കല്‍ മേഖലകളിലുള്‍പ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാര്‍ക്കറ്റിങ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഹൈവേ സെന്റര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.

അതിനിടെ കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേര്‍ക്ക് കൂടി കണ്ണീരോട് വിട നല്‍കി നാട്. നാലു പേരുടെ സംസ്‌കാര ചടങ്ങുകളാണ് ഇന്ന് നടന്നു. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടര്‍ന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം നരിക്കല്‍ മാര്‍ത്തോമാ പള്ളിയിലേക്ക് കൊണ്ടുപോയി. നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍.

കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാര ചടങ്ങും ആരംഭിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടുവന്നു. കുറുവയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പയ്യാമ്പലത്തെത്തിച്ചു. പയ്യാമ്പലത്താണ് അനീഷ് കുമാറിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നത്. പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 8 വയസ്സില്‍ അച്ഛന്‍ നഷ്ടമായതാണ് ആകാശ് പഠനം കഴിഞ്ഞ് കുവൈത്തില്‍ ജോലി തേടുകയായിരുന്നു, കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയതിനിടെയാണ് അപ്രതീക്ഷിതമായി ആകാശിനെ മരണം തേടിയെത്തുന്നത്.