തിരുവനന്തപുരം: കവടിയാര്‍ ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനോട് ചേര്‍ന്ന് 40 വര്‍ഷം പഴക്കമുള്ള കരിങ്കല്‍ നിര്‍മ്മിത മതില്‍ അപകടാവസ്ഥയിലായതു കാരണം 18 ഓളം കുടുംബങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഭവന നിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പട്ടു.

ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ച മതിലാണ് അപകടാവസ്ഥയിലുള്ളത്. ഫ്‌ലാറ്റ് സമുച്ചയത്തിലെ മണ്ണൊലിപ്പ് തടയാനും ഭൂമി ബലപ്പെടുത്താനും വേണ്ടിയാണ് മതില്‍ 40 അടി ഉയരത്തില്‍ നിര്‍മ്മിച്ചത്. മതില്‍ നിലംപൊത്തിയാല്‍ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന കവടിയാര്‍ ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റിലെ സി.ഡി ബ്ലോക്കിലെ 18 ഓളം ഫ്‌ലാറ്റുകള്‍ നിലം പതിക്കുന്ന അവസ്ഥയിലാണ്. പഴയ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്‌ലാറ്റ് അസോസിയേഷന് കൈമാറിയിട്ടില്ല. തുടര്‍ന്ന് താമസക്കാര്‍ ഹൗസിംഗ് ബോര്‍ഡിനെ സമീപിച്ചെങ്കിലും മതില്‍ പൊളിച്ചു നിര്‍മ്മിക്കാന്‍ തയ്യാറല്ലെന്ന് ബോര്‍ഡ് അറിയിച്ചു.

ഇക്കാര്യം പരിശോധിക്കാനെത്തിയ എഞ്ചിനീയര്‍മാര്‍ മതിലിന്റെ അപകടാവസ്ഥ ബോര്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടും ബോര്‍ഡ് നടപടിയെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ അപകടകരമാകുമെന്ന് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍. എസ്. രാധിക സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.