കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വധശിക്ഷ നടപ്പാക്കാനും അനുമതി നല്‍കി. ഇനി പ്രതിയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാം. അതിന് ശേഷം ദയാഹര്‍ജി പ്രസിഡന്റിന് നല്‍കാനും വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ താമസിയാതെ വധശിക്ഷ നടപ്പാക്കും.

കോടതി വിധി കേള്‍ക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാല്‍സംഗം,അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്.