കൊച്ചി: കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാല്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ബുധനാഴ്ച സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ടി.ആര്‍.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാന്‍ തയാറായില്ല.

ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.