- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു; പ്രതിഷേധവുമായി നാട്ടുകാര്‍; സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
കണ്ണൂര്‍: വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടതില് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ സ്കൂള്‍ ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങിയതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരാള്‍പ്പൊക്കം വെള്ളമുള്ളിടത്താണ് ബസ് ഡ്രൈവര്‍ കുട്ടികളെ ഇറക്കി വിട്ടത്.
സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത്. അതിനിടെ കോഴിക്കോട് സ്കൂള്‍ ബസ് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി. ചെക്യാട് പഞ്ചായത്തിലെ പുഴക്കലക്കണ്ടിയിലാണ് സംഭവം. പാറക്കടവ് ദാറുല്‍ ഹുദാ സ്കൂളിലെ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. പാലം മറികടക്കാന്‍ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടില്‍ നിന്നു പോയത്.
എല്‍.കെ.ജി, യു.കെ.ജി എല്‍.പി ക്ലാസുകളില്‍ നിന്നായി ബസില്‍ 25 ല്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. സ്കൂള്‍ കുട്ടികളെ നാട്ടുകാരാണ് ബസ്സില്‍ നിന്ന് പുറത്തിറക്കിയത്. കുട്ടികളെ മറ്റൊരു റോഡിലെത്തിച്ച് ബസില്‍ കയറ്റിവിടുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നാദാപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജീപ്പ് വെള്ളകെട്ടിലൂടെ പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
നാദാപുരം സിസിയുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായാണ് ജീപ്പ് ഡ്രൈവര്‍ വെള്ളക്കെട്ടിലൂടെ അപകടകരമായി വാഹനമോടിച്ച് പോയത്. ജീപ്പ് രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയതാണെന്നും സ്കൂളിന് നേരിട്ട് ബന്ധമില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നില്ല. മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തില്‍ അവധി പ്രഖ്യാപിച്ചത്.