തിരുവനന്തപുരം കേരള സര്‍വകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി സര്‍വകലാശാല വൈസ് ചാന്‍സിലര്‍. സര്‍വ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ അഞ്ചിനായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം റജിസ്ട്രാര്‍ക്ക് നല്‍കി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താന്‍ കോളജ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലും കഴിഞ്ഞവര്‍ഷം കുസാറ്റിലും വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ പാര്‍ട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാംപസില്‍ നടത്തുന്നതിന് സര്‍ക്കാര്‍ കര്‍ശന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍വകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്താന്‍ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘടന തീരുമാനിച്ചത്. എന്നാല്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ ഇത്തരം പരിപാടികള്‍ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വിസി.