മല്ലപ്പള്ളി:സ്‌കൂൾ വിട്ട് മടങ്ങിയ പത്ത് വയസ്സുകാരന് നേരെ ലാംഗീകീതിക്രമം കാട്ടിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് കല്ലൂപ്പാറ ചെങ്ങരൂർ പാട്ടത്തിൽ വീട്ടിൽ സുധീഷ് കുമാറിനെയാണ് കീഴ്‌വായ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് സുധീഷ് കുട്ടിയോട് അതിക്രമം കാട്ടിയത്.വാകിട്ട് മൂന്നിന് സ്‌കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാൾ ലൈംഗികമായി അതിക്രമംകാട്ടിയത്.ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു.തുടർന്ന് അമ്മ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും വനിതാ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ചെങ്ങരൂരുള്ള വീട്ടിൽനിന്ന് സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എസ്‌ഐ. കെ.സുരേന്ദ്രൻ കെ, എ.എസ്. ഐ. അജു, സി.പി.ഒ.മാരായ ജെയ്‌സൺ, ജെസ്‌ന, ശരണ്യ, രതീഷ്, അൻസീം,ശശികാന്ത്, സജിൽ എന്നിവരും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.