കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി. എഫ് സ്ഥാനാർത്ഥിയും രണ്ടു നേതാക്കളുമടങ്ങുന്ന മൂവർ സംഘമാണ് സോഷ്യൽ മീഡിയയിലൂടെ നികൃഷ്ടമായ പ്രചാരണം നടത്തുന്നതിന് പിന്നിലെന്ന് ഡി.വൈ. എഫ്. ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂർ യൂത്ത് സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങേയറ്റം നീചമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, മുഖമില്ലാത്തവരല്ല പ്രചാരണത്തിന് പിന്നിലെന്നും വി കെ സനോജ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വടകര പാർലമെന്റ് മണ്ഡലം യു.ഡി. എഫ്് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, പി.സരിൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും വി.കെ സനോജ് ആരോപിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഷോബിൻതോമസ് കേട്ടാൽ അറയ്ക്കുന്ന അസഭ്യം കെ.കെ ശൈലജ ടീച്ചർക്കെതിരെ പോസ്റ്റു ചെയ്തുവെന്നും ഇതിനു തെളിവുകൾ ഉണ്ടെന്നും വി.കെ സനോജ് പറഞ്ഞു. ആരും സോഷ്യൽമീഡിയയിൽ ഇത്തരം കമന്റുകൾ ചെയ്യാൻ പാടില്ല. ഉത്തരവാദിത്വപ്പെട്ട ഡി.വൈ. എഫ്. ഐ പ്രവർത്തകർ ആരും ഇത്തരത്തിൽ പോസ്റ്റിട്ടില്ല. ഞങ്ങളാരും ഇത്തരം പ്രവൃത്തിചെയ്യുന്നവർക്കായി ജാമ്യമെടുക്കാൻ പോയിട്ടില്ല.

കോട്ടയം കുഞ്ഞച്ചനെന്ന പേജിൽ പോസ്റ്റിട്ട എബിനെ യൂത്ത് കോൺഗ്രസ് തള്ളിപറഞ്ഞില്ല. എന്തിനാണ് എബിനെ വീണ്ടും കോൺഗ്രസ് ജില്ലാ സെക്രട്ടറിയാക്കിയതെന്നും വി.കെ സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നാഷനൽ കോർഡിനേറ്ററായ ഷോബിൻ തോമസാണ് മോർഫു ചെയ്ത ചിത്രങ്ങളും എഡിറ്റു ചെയ്ത വീഡിയോ കണ്ടന്റെും പ്രചരിപ്പിക്കുന്നയാൾ. എന്തുകൊണ്ടു ഇയാളെ തള്ളിപറയാൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് പറയണമെന്നും വി.കെ സനോജ് പറഞ്ഞു.

വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയ രാഹുൽ മാങ്കൂട്ടത്തിനാണ് വടകരയിലെ സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ചുമതല. യൂത്ത് കോൺഗ്രസിലെ കണ്ണൂരിലെ സുധാകര വിഭാഗം നേതാവായ ഫർസീൻ മജീദുതന്നെയാണ് തനിക്ക് കിട്ടേണ്ട വോട്ടുകിട്ടിയില്ലെന്ന് പരാതിപ്പെട്ടത്. നടൻ വിജയിയുടെയും രാഹുൽ ഗാന്ധിയുടെയുമൊക്കെ തിരിച്ചറിൽ കാർഡുണ്ടാക്കിയവരാണ് യൂത്ത് കോൺഗ്രസ് നേതൃത്വമെന്നും വി.കെ സനോജ് ആരോപിച്ചു. എത്രമാത്രം അധമമായ മാനസികാവസ്ഥയാണ് യൂത്ത് കോൺഗ്രസിന് തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിച്ചത് മുദ്രാവാക്യങ്ങൾ വിളിച്ചത്.

ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മൂവർ സംഘത്തിനെ കേരളീയസമൂഹം തിരിച്ചറിയേണ്ടതുണ്ട്. തൃക്കാക്കരയിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിക്കെതിരെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചപ്പോൾ ഇത്തരത്തിൽ ഒരുവീഡിയോ കിട്ടിയാൽ ആരെങ്കിലും പ്രചരിപ്പിക്കാതിരിക്കുമോയെന്നു പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതുകൊണ്ടു സതീശനും കെ.സുധാകരനുമൊക്കെ ഇത്തരം സൈബർ സംഘങ്ങളെ തിരുത്തുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ശൈലജ ടീച്ചർക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റിട്ടതിന് പൊലിസ് നടപടിയെടുത്തിരിക്കുകയാണ്.

പാനൂരിലെ ലീഗ് നേതാവിനെതിരെ കേസെടുത്തിരിക്കുകയാണ്. ശൈലജ ടീച്ചറെ തയ്യൽ ടീച്ചറെന്നൊക്കെയാണ് ഇവർ വിശേഷിപ്പിക്കുന്നത്. ശൈലജ ടീച്ചർ നമ്മുടെയൊക്കെ നാട്ടുകാരിയാണ്. ശിവപുരം സ്‌കൂളിലെ സയൻസ് ടീച്ചറായിരുന്നു അവരെന്ന് എല്ലാവർക്കും അറിയാം. ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനരാഷ്ട്രീയപ്രശ്നങ്ങൾ മാറ്റിവെച്ചു അങ്ങേയറ്റം നികൃഷ്ടമായ പ്രചരണങ്ങളാണ് വടകരയിൽ ശൈലജ ടീച്ചർക്കെതിരെ നടത്തിക്കൊണ്ടുവരുന്നതെന്നും വി.കെ സനോജ് പറഞ്ഞു.

നേതൃത്വം അറിയാതെയാണ് സോഷ്യൽമീഡിയയിലൂടെ അണികൾ ദുഷ് പ്രചരണം നടത്തുന്നതെന്ന് വിശ്വസിക്കാൻ കഴിയില്ല. വ്യത്യസ്തകേന്ദ്രങ്ങളിൽ നിന്നും പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ എൽ.ഡി. എഫ് സ്ഥാനാർത്ഥിക്കെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്ക് പിന്നിൽ നേതൃത്വത്തിലെ മൂവർ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും വി.കെ സനോജ് ആരോപിച്ചു.

പാനൂർ ബോംബ് സ്ഫോടനത്തിൽ പ്രതികളിൽ ഡി.വൈ. എഫ്. ഐക്കാർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംഘടന നടപടിയെടുക്കും. ഇതേ കുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡി.വൈ. എഫ്. ഐ സ്വതന്ത്രമായി ഭരണഘടനയുള്ള സംഘടനയാണ് ഡി.വൈ. എഫ്. ഐ സി.പി. എമ്മിന്റെ പോഷക സംഘടനയല്ലെന്നും വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് സംഘടനയിൽ പ്രവർത്തിക്കാമെന്നും വി.കെ സനോജ് പറഞ്ഞു.