മട്ടന്നൂർ: സ്വർണക്കടത്തിന് പുതുവഴി തേടി കള്ളക്കടത്ത് സംഘം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും കസ്റ്റംസ് വൻസ്വർണ വേട്ട നടത്തി.
ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശി റഫീഖിൽ നിന്നാണ് 37 ലക്ഷം രൂപ വിലവരുന്ന 726 ഗ്രാം സ്വർണം പിടികൂടിയത്.

കസ്റ്റംസ് ചെക്കിങ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗേജ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിന്റെ പെട്ടിയിൽ നിന്നാണ് 724-ഗ്രാം സ്വർണം കണ്ടെത്തിയത്. മൂന്ന് കളിപ്പാട്ട കാർഡ് ബോർഡ് ബോക്സിനുള്ളിൽ 1330ഗ്രാം ഭാരമുള്ള നാല് കാർഡ് ബോർഡ് കഷ്ണങ്ങളിലും ഒരു ബെഡ് ഷീറ്റ് കവറിലും കാർട്ടൺ ബോക്സിനുള്ളിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം.

കോയിൽ വേർതിരിച്ചെടുത്തപ്പോൾ 724 ഗ്രാമിന്റെ 24 കാരറ്റ് സ്വർണമാണ് കണ്ടെടുത്തത്. പരിശോധനയ്ക്ക് ഡെപ്യൂ.കമ്മിഷണർ സി.വി ജയകാന്ത്, അസി.കമ്മിഷണർ ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ,വിവേക്, ഹരിദാസ്, ശിവരാമൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ് സൂരജ് ഗുപ്ത, കപിൽ ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, ബാലൻകുനിയിൽ, ബെന്നി, വനിതാ സെർച്ചർ ശിശിര കിരൺ , അസി. ലിനേഷ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ചത് പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽസ്വർണക്കടത്ത് തടയാൻ റെയ്ഡു ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.കസ്റ്റംസിന് പുറമെ എയർപോർട്ട് പൊലിസുംസമാന്തരമായി വിമാനത്താവളത്തിന് പുറത്തു നിന്നും സംശയം തോന്നുന്ന യാത്രക്കാരെ പരിശോധിക്കുന്നുണ്ട്.