- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവാണെന്ന് പറഞ്ഞ് പറ്റിച്ച് 20,000 രൂപയ്ക്ക് വിറ്റത് ഉണക്കപ്പുല്ല്; തട്ടിപ്പ് മനസ്സിലാക്കിയതോടെ വഞ്ചിച്ചവൻ സവാരി വിളിച്ച ഓട്ടോറിക്ഷ തട്ടിയെടുത്തു; കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
മലപ്പുറം: കഞ്ചാവാണെന്ന് പറഞ്ഞ് ഉണക്കപ്പുല്ല് പാക്കറ്റിലാക്കി നൽകി കൈപ്പറ്റിയത് 20,000 രൂപ. തട്ടിപ്പ് മനസ്സിലാക്കിയതോടെ വഞ്ചിച്ചവന്റെ ഓട്ടോറിക്ഷ തട്ടിയെടുത്തു. ഓട്ടോ തട്ടിയെടുത്ത അഞ്ചംഗസംഘത്തെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. എ.ആർ. നഗർ സ്വദേശികളായ നെടുങ്ങാട്ട് എ. വിനോദ് കുമാർ. (38), വാൽപറമ്പിൽ സന്തോഷ്(46), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറയിലെ വരിക്കോളി മജീദ് (35) , കോഴിക്കോട് കുതിരവട്ടം സ്വദേശി പറമ്പതൊടി ദിനേശൻ (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറമംഗലം സ്വദേശി റഷീദ് കഞ്ചാവിന് പകരം ഉണക്കപ്പുല്ല് കൊടുത്ത് പണം വാങ്ങി മുങ്ങുന്നതിനിടെ, തട്ടിപ്പ് മനസ്സിലാക്കി പിന്തുടർന്ന സംഘം റഷീദ് എത്തിയ ഓട്ടോറിക്ഷ തട്ടിയെടുക്കുകയായിരുന്നു. റഷീദ് പിടിയിലാകാതെ രക്ഷപ്പെട്ടു. തുടർന്ന് ഓട്ടോഡ്രൈവർ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിറമംഗലം ജംഗ്ഷനിൽ നിന്നാണ് റഷീദ് ഖാലിദിന്റെ ഓട്ടോ വിളിച്ചത്. തലപ്പാറയിൽ വച്ചായിരുന്നു കഞ്ചാവ് കൈമാറ്റം.
കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാളുടെ സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശൻ, മജീദ് എന്നിവർക്ക് റഷീദ് കഞ്ചാവ് നൽകാമെന്നേറ്റിരുന്നു. എന്നാൽ കഞ്ചാവ് ലഭിക്കാഞ്ഞതിനാൽ റഷീദ് പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റിലാക്കി വിനോദ് കുമാറിന് നൽകി. 20,000 രൂപ കൈപ്പറ്റി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോയ റഷീദിന്റെ വെപ്രാളം കണ്ട് സംശയം തോന്നിയ വിനോദ് കുമാർ കവർ പരിശോധിച്ചപ്പോൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഓട്ടോറിക്ഷയെ പിന്തുടർന്ന് വിനോദ് കുമാറും സംഘവും ഓട്ടോ പിടികൂടിയെങ്കിലും റഷീദ് ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെട്ടു. തുടർന്ന് റഷീദെത്തിയ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർന്ന് മറ്റൊരിടത്ത് ഒളിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഓട്ടോഡ്രൈവർ പരാതി നൽകിയത്. അഞ്ച് പ്രതികളെയും ചുരുങ്ങിയ സമയത്തിനുള്ളിൽ പൊലീസ് പിടികൂടി. കൂടുതൽ പ്രതികളെപ്പറ്റി അന്വേഷിച്ച് വരികയാണ്. പിടികൂടിയ പൊലീസ് സംഘത്തിൽ എസ് ഐ അജീഷ് കെ ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിപിഒ മാരായ മഹേഷ്, ലത്തീഫ്, രഞ്ജിത്ത്, രമേഷ്, വിബീഷ് എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്