മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. റിയാദിൽ നിന്നും കരിപ്പൂരിലെത്തിയ മലപ്പുറം, നിലമ്പൂർ സ്വദേശി റിയാസ് ബാബു (36) ആണ് 910.6 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

910.6 ഗ്രാം 24 കാരറ്റ് സ്വർണം മിശ്രിത രൂപത്തിൽ മൂന്നു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ റിയാദിൽ നിന്നും ഇന്നു 07.23 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് 8.15 മണിക്ക് പുറത്തിറങ്ങിയ റിയാസ് ബാബുവിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു.

തുടർന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കൽ എക്സറെ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് മൂന്നു കാപ്സ്യൂളുകൾ ദൃശ്യമായത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.