- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതി ; അഞ്ചു മുതൽ ഏഴു വരെ ക്ലാസുകാരും ഇനി പദ്ധതിയിൽ ; നടപടി കൂടുതൽ വിദ്യാർത്ഥികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അഞ്ചു മുതൽ ഏഴു വരെ ക്ലാസ് വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി. നിലവിൽ എട്ടു മുതൽ 12 വരെ വിദ്യാർത്ഥികൾക്കായിരുന്നു പഠനമുറി.
120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറി സ്ഥലസൗകര്യമില്ലാത്ത സാഹചര്യത്തിൽ 100 ചതുരശ്രയടിയായി നിർമ്മിക്കാമെന്നതടക്കം മാനദണ്ഡങ്ങളിൽ സമഗ്രഭേദഗതി വരുത്തി. 15 വർഷം വരെ കാലപ്പഴക്കമുള്ള വീടുകളുടെ മുകളിലത്തെ നിലയിൽ പഠനമുറി നിർമ്മിക്കാൻ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പട്ടികജാതി വകുപ്പ് നിയമിച്ച അക്രഡിറ്റഡ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.
15 വർഷത്തിനു മേൽ പഴക്കമുള്ള വീടുകൾക്ക് എൽ.എസ്.ജി.ഡി അസി. എൻജിനീയറുടെ സർട്ടിഫിക്കറ്റ് വേണം. അപേക്ഷകൾ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം പട്ടികജാതി വികസന ഓഫിസർക്ക് രക്ഷാകർത്താവ് നൽകണം. 12ാം ക്ലാസ് കുട്ടികളുടെ അപേക്ഷകൾക്ക് മുഖ്യപരിഗണന ലഭിക്കും.
വീടിന്റെ വിസ്തീർണം ഏറ്റവും കുറവുള്ള കുടുംബം, ഒന്നിലധികം പെൺകുട്ടികൾ വിദ്യാർത്ഥികളായ കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, കിടപ്പ് / മാരക രോഗികളുള്ള കുടുംബം, ഒന്നിലധികം വിദ്യാർത്ഥികളുള്ള കുടുംബം തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.
രണ്ടു ലക്ഷം രൂപയാണ് പഠനമുറിക്ക് നൽകുന്നത്. പട്ടികജാതി വിഭാഗം ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിദ്യാർത്ഥികളിലേക്ക് പഠനമുറി പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ