- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയോര കർഷക ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന നിലപാട്; ബഫർസോണിൽ സുപ്രീംകോടതി നിലപാട് അനുകൂലമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ മലയോര കർഷക ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന നിലപാടാണ് ബഫർസോൺ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ച് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം ബഫർസോൺ സംബന്ധിച്ച് ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കോടതിയുടെ ഈ നിലപാടിനെ ഏറെ പ്രതീക്ഷയോടെയാണ് സർക്കാരും കാണുന്നത്.
കേരളത്തിലെ മലയോര മേഖലയിലെ കർഷകരുടെ ഉത്കണ്ഠയായിരുന്നു എല്ലാവരും ബഫർസോണിൽ ഉൾപ്പെട്ടു പോകുമോ എന്നത്. ഉത്തരവ് വന്നത് മുതൽ ഇതിന് പരിഹാരം കാണാൻ നിയമപരമായും രാഷ്ട്രീയമായും സർക്കാർ ശ്രമിക്കുമെന്ന് കേരള ജനതയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. അത് പാലിക്കാൻ കഴിയുമെന്നാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട് എടുത്താൽ ബോധ്യമാകുന്നത്. ജനവാസ മേഖലയെ ഒഴിവാക്കുക എന്ന കർഷകരുടെ ആവശ്യം 100 ശതമാനം ശരിയാണ് എന്നതാണ് സർക്കാർ നിലപാട്. ആ നിലയിൽ പ്രശ്നത്തിന് പരിഹാരം കാണാൻ നിയമത്തിന്റെ വഴിയിലൂടെ ഏതറ്റം വരെയും പോകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കേസ് വരുന്ന തിങ്കളാഴ്ച്ച വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും.